പോർക്കുളം: ഒന്നരമാസത്തെ കാത്തിരിപ്പിനൊടുവിൽ പാറേമ്പാടത്ത് പൈപ്പിടൽ പ്രവർത്തനം പൂർത്തീകരിച്ചു. ഇരുവശങ്ങളിലൂടെയും വാഹനങ്ങൾ കടത്തിവിട്ടുതുടങ്ങി. തൃശ്ശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയുടെ നിർമാണത്തിന്റെ ഭാഗമായുള്ള പൈപ്പിടൽ പ്രവർത്തനങ്ങളെത്തുടർന്ന് ഒന്നര മാസത്തോളമായി തൃശ്ശൂർ, ഗുരുവായൂർ ഭാഗത്തുനിന്നെത്തുന്ന ദീർഘദൂര ബസുകളും നാലുചക്ര വാഹനങ്ങളും പോർക്കുളത്തുനിന്ന് പഴഞ്ഞി വഴിയാണ് അക്കിക്കാവിലെത്തി പാലക്കാട്ടേക്കും കോഴിക്കോട്ടേക്കും പോയിരുന്നത്. രണ്ടര കിലോമീറ്റർ യാത്രയ്ക്കായി എട്ടര കിലോമീറ്റർ വളഞ്ഞായിരുന്നു യാത്ര.
വെള്ളിയാഴ്ചയോടെ പൈപ്പിടൽ പാറേമ്പാടം കുരിശുപള്ളി ബസ് സ്റ്റോപ്പ് വരെയെത്തി. തുടർന്ന് പഴഞ്ഞിയിലേക്കു തിരിയുന്ന റോഡ് രാത്രിയിലും മുറിച്ച് പൈപ്പിട്ടു. തൃത്താല-പാവറട്ടി കുടിവെള്ളപദ്ധതി, തൃത്താല-കുന്നംകുളം-ഗുരുവായൂർ കുടിവെള്ളപദ്ധതി എന്നിവയുടെ പൈപ്പുകളാണ് റോഡ് നിർമാണം നടത്തുന്ന കെഎസ്ടിപി സ്ഥാപിക്കുന്നത്. രണ്ടു പൈപ്പുകൾ സ്ഥാപിക്കുന്നതിനാൽ കുഴിയുടെ വലുപ്പം കൂടുതലും മണ്ണിന്റെ അളവ് കൂടുതലുമുണ്ടായിരുന്നു.
കുഴിയെടുക്കുന്ന മണ്ണ് റോഡിന്റെ വശത്ത് കൂട്ടിയിട്ടതിനാലാണ് ഒരു വശത്തെ വാഹനഗതാഗതം നിരോധിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി പൈപ്പ് സ്ഥാപിച്ച ഭാഗങ്ങളിൽ മണ്ണ് നിരത്തിയിട്ടുണ്ട്. മഴ നിലച്ച് കൂടുതൽ ഉറയ്ക്കുന്നതോടെ റോഡ് നിർമാണപ്രവർത്തനങ്ങൾ ഈ ഭാഗങ്ങളിൽ നടത്താൻ സാധിക്കും.അക്കിക്കാവ് മുതൽ കമ്പിപ്പാലം പെട്രോൾ പമ്പ് വരെ ആദ്യഘട്ട ടാറിടൽ നടത്തി. പൈപ്പിടൽ പ്രവൃത്തിമൂലം കമ്പിപ്പാലം മുതൽ പാറേമ്പാടം അകതിയൂർ റോഡ് വരെ പൈപ്പിട്ട ഭാഗത്ത് മണ്ണുനീക്കി മെറ്റൽ നിരത്തിയുള്ള പണികളും നടത്തി.
പാറേമ്പാടം മുതൽ അയ്യപ്പത്ത് റോഡ് വരെ ഇനി പൈപ്പിടൽ നടത്തേണ്ടതുണ്ട്. ഇവിടെ റോഡ് നിർമാണം ആരംഭിച്ച ഘട്ടത്തിൽത്തന്നെ ചിലയിടങ്ങളിലായി പൈപ്പുകൾ മാറ്റിസ്ഥാപിച്ചതിനാൽ ഇനിയുള്ള പ്രവർത്തനസമയങ്ങളിൽ ഇരുവശങ്ങളിലൂടെയുള്ള ഗതാഗതത്തിന് തടസ്സമുണ്ടാകില്ല.