പാലക്കാട് ജില്ലയിൽ ഒരാഴ്ചകൊണ്ട് ലഭിച്ചത് പ്രതീക്ഷിച്ചതിലും 50 ശതമാനത്തിലേറെ മഴ. മുൻപത്തെ ആഴ്ചയിൽ പ്രതീക്ഷച്ചതിലും 49.8 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. 20 മുതൽ 26 വരെയുള്ള കണക്കുപ്രകാരം 182.7 എംഎം മഴയാണ് ജില്ലയിൽ ആകെ ലഭിച്ചത്. പ്രതീക്ഷിച്ച മഴ 120.6 എംഎം ആയിരുന്നു. 51.4 ശതമാനം അധികമഴ ഈ ഒരാഴ്ചയിൽമാത്രം ലഭിച്ചു. 26-നാണ് ഏറ്റവുംകൂടുതൽ മഴ ലഭിച്ചത്.ജില്ലയിലെ ഡാമുകളിലും ജലനിരപ്പ് കൂടുന്നുണ്ട്. ഏഴുഡാമുകൾ തുറന്നിട്ടുണ്ട്. മീങ്കര ഡാമിൽ ചുവപ്പ് ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്.
സംസ്ഥാന കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോർട്ടനുസരിച്ച് ജില്ലയിൽ വ്യാഴാഴ്ചവരെ മഴ തുടരും. ജാഗ്രതാനിർദേശങ്ങളൊന്നും നൽകിയിട്ടില്ല.ഞായറാഴ്ച ജില്ലയിൽ കൊല്ലങ്കോട് ഭാഗത്താണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്-87.2 മില്ലിമീറ്റർ (എം.എം) ചിറ്റൂർ-44.0, ആലത്തൂർ-82.0, ഒറ്റപ്പാലം-45.2, പറമ്പിക്കുളം-35.0, തൃത്താല-57.2, പാലക്കാട്-41.6, പട്ടാമ്പി-48.3 എംഎം മഴയുമാണ് ലഭിച്ചത്.