തിരുവനന്തപുരം: ട്രാൻസ്പോർട്ട് കമ്മിഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ സംസ്ഥാനത്ത് നാളെ സൂചന പണിമുടക്ക് നടത്തുമെന്ന് സ്വകാര്യ ബസുടമകൾ. ബസ്സുടമകളുടെ സംഘടനകളുടെ കൂട്ടായ്മയായ ബസ്സുടമ സംയുക്തസമിതിയാണ് പണിമുടക്കിന് ആഹ്വാനം കൊടുത്തത്.
പെർമിറ്റുകൾ യഥാസമയം പുതുക്കിനൽകുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക, തൊഴിലാളികൾക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, ഇ ചലാൻ വഴി അമിതപിഴ ചുമത്തുന്നത് അവസാനിപ്പിക്കുക, വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ അടിച്ചേൽപ്പിക്കുന്നത് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
ഒരാഴ്ചയ്ക്കുള്ളിൽ തുടർചർച്ചകൾ നടത്തി പരിഹാരമുണ്ടായില്ലെങ്കിൽ, 22ആം തീയതി മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.