മദ്യം പ്ലാസ്റ്റിക് കുപ്പിയിലാണെങ്കിൽ 20 രൂപ അധികം നൽകണം, ഒഴിഞ്ഞ കുപ്പി തിരികെ നല്‍കിയാൽ പണവും തിരികെ; മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: പ്ലാസ്റ്റിക് കുപ്പികളില്‍ വിതരണം ചെയ്യുന്ന മദ്യത്തിന് 20 രൂപ അധികം നല്‍കണമെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ഒഴിഞ്ഞ കുപ്പി തിരികെ നല്‍കിയാല്‍ പണവും തിരികെ നല്‍കും. 20 രൂപയെന്നത് അധിക തുകയല്ല. നിക്ഷേപമായി കണക്കാക്കണമെന്നും എം ബി രാജേഷ് പറഞ്ഞു. പദ്ധതി തമിഴ്‌നാട് സര്‍ക്കാര്‍ ഇതിനകം നടപ്പാക്കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

800 രൂപ മുകളിലുള്ള മദ്യം ഗ്ലാസ് ബോട്ടിലാക്കും. മദ്യ വിതരണം പൂര്‍ണ്ണമായും ഗ്ലാസ് ബോട്ടിലാക്കുകയെന്നത് സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു. പ്ലാസ്റ്റിക് ബോട്ടിലുകള്‍ തിരിച്ചെടുക്കാനുള്ള സംവിധാനം ഉണ്ടാക്കും. ഓരോ ബോട്ടിനിലും 20 രൂപ ഡിപ്പോസിറ്റായിട്ട് അധികമായി ഈടാക്കും. ബോട്ടില്‍ ബെവ്‌കോ ഔട്ട്‌ലെറ്റില്‍ തിരിച്ചെത്തിച്ചാല്‍ 20 രൂപ തിരിച്ചുകൊടുക്കും. കുപ്പിയുടെ മേല്‍ ക്യൂ ആര്‍ കോഡ് വെയ്ക്കും.

പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പ്രതിവര്‍ഷം 70 കോടി ബോട്ടിലുകളില്‍ 80 ശതമാനവും പ്ലാസ്റ്റിക് ബോട്ടിലാണ്. അത്രയും തെരുവില്‍ വലിച്ചെറിയുന്നതിന് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. ബെവ്‌കോയുടെ ആദ്യ സൂപ്പര്‍ പ്രീമിയം ഔട്ട്‌ലെറ്റ് തൃശൂരില്‍ ആഗസ്റ്റ് 5 ന് ഉദ്ഘാടനം ചെയ്യും എല്ലാ ജില്ലകളിലും ഓരോ സൂപ്പര്‍ പ്രീമിയം ഔട്ട്‌ലെറ്റ് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം