തൃത്താല മണ്ഡലത്തിലെ ഓണം ജനകീയ കാർഷികോത്സവത്തിൻ്റെ ഭാഗമായുള്ള മണ്ഡല തല വിത്തിറക്കൽ ഉത്സവം ആലിക്കര കോട്ടൂർ മന രണ്ടര ഏക്കർ കൃഷിയിടത്തിൽ തദ്ദേശ സ്വയംഭരണ എക്സൈസ്, പാർലമെൻ്ററി കാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് നിർവ്വഹിച്ചു. ഭൂമിയിൽ വെള്ളം സംഭരിച്ച് നിർത്താനുള്ള ലളിതമായ മാർഗ്ഗമാണ് സുസ്ഥിര തൃത്താല മുഖേന നടപ്പാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി. പദ്ധതിയിലൂടെ ഭൂഗർഭ ജല വിതാനത്തിൽ 82 സെൻ്റീമീറ്റർ ജലം ഉയർത്താനായി.ജനകീയ പങ്കാളിത്തത്തോടെ പദ്ധതിയെ കൂടുതൽ വ്യാപിപ്പിക്കണമെന്നും മന്ത്രി ആവശ്യപെട്ടു.
ചാലിശ്ശേരി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആനി വിനു അധ്യക്ഷയായി.കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ മാരിയത്ത് കിമ്പിത്തിയ പദ്ധതി വിശദീകരിച്ചു.വാർഡ് മെമ്പർ ഷഹന മുജീബ്,കൃഷി ഓഫീസർ സുദർശൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പാടശേഖര സമിതി പ്രതിനിധികൾ , നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.
മണ്ഡലത്തിലെ സമഗ്ര വികസനം ലക്ഷ്യമിട്ട് മന്ത്രി എം ബി രാജേഷ് നടപ്പാക്കുന്ന സുസ്ഥിര തൃത്താല പദ്ധതിയുടെ ഭാഗമായാണ് സെപ്തംബർ 1 മുതൽ 3 വരെ ജനകീയ കാർഷികോത്സവം സംഘടിപ്പിക്കുന്നത്.
ഓണത്തോടനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുള്ള കാർഷിക വിളവെടുപ്പ് ഉത്സവമാക്കുന്നതിനും സുസ്ഥിര തൃത്താലയുടെ ഭാഗമായി ഓണം ലക്ഷ്യം വച്ച് ഉൽപ്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾക്ക് വിപണി ലഭ്യമാക്കുകയുമാണ് കാർഷികകോത്സവത്തിൻ്റെ ലക്ഷ്യം.മത്സ്യ കൃഷി വിപണവും കാർഷികോത്സവത്തിൻ്റെ ഭാഗമായി ഉണ്ടായിരിക്കും.
കർഷകരിൽ നിന്ന് 20 ശതമാനം അധിക വിലയ്ക്ക് പച്ചക്കറികൾ സംഭരിച്ച് 30 ശതമാനം കുറഞ്ഞ വിലയ്ക്ക് കാർഷികോത്സവത്തിൽ വിപണനം നടത്തുമെന്നതാണ് കാർഷികോത്സവത്തിൻ്റെ പ്രത്യേകത.പൊതുജനങ്ങൾക്ക് വിഷരഹിത പച്ചക്കറി വില കുറവിൽ ലഭ്യമാക്കാൻ ഇത് സഹായിക്കും.മണ്ഡലത്തിലെ എല്ലാ തരിശു ഭൂമിയെയും കൃഷിയോഗ്യമാക്കി തൃത്താലയിലെ ജനങ്ങൾക്ക് ആവശ്യമായ പച്ചക്കറി ഇവിടെ തന്നെ കൃഷിചെയ്യാനും പച്ചക്കറിക്കൃഷിയിൽ സ്വയം പര്യാപ്തത നേടാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഓണവിപണി ലക്ഷ്യമിട്ട് 100 ഏക്കർ സ്ഥലത്താണ് പച്ചക്കറി കൃഷി നടത്തുന്നത്. പത്ത് ഏക്കർ സ്ഥലത്ത് പുഷ്പ കൃഷിയും നടത്തും. കൂടാതെ ഓണക്കിറ്റ് പദ്ധതിയും ഇതിൻ്റെ ഭാഗമായി നടപ്പാക്കും. ഓണത്തിനാവശ്യമായ പച്ചക്കറികൾക്കൊപ്പം ശർക്കര വരട്ടി , കായവറുത്തത്,പപ്പടം,പായസം എന്നിവയും മിതമായ നിരക്കിൽ ഓണക്കിറ്റ് വഴി തയ്യാറാക്കി നൽകും.കുടുംബശ്രീ പ്രവർത്തകരെ ഉൾപ്പെടുത്തി വിഭവങ്ങൾ തയ്യാറാക്കും.
മണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങൾ വിവിധ കേന്ദ്ര സംസ്ഥാന സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, പാടശേഖര സമിതികൾ, ക്ലബുകൾ, സന്നദ്ധ-സാമൂഹിക സംഘടനകൾ തുടങ്ങിയവയുടെ പിന്തുണയോടുകൂടിയാണ് കാർഷികോത്സവം സംഘടിപ്പിക്കുക.ഇതിൻ്റെ ഭാഗമായി പ്രദർശന വിപണനമേള,കാർഷിക പ്രദർശനം,കാർഷിക സംരംഭകരുടെയും പ്രൊഫഷണലുകളുടെയും സംഗമം,കാർഷിക സാഹിത്യോത്സവം, പുസ്തകോത്സവം,കാർഷിക സെമിനാറുകൾ -സംവാദങ്ങൾ,പ്രാദേശിക കാർഷിക തനത് സാംസ്കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിക്കും.
കഴിഞ്ഞ 4 വർഷമായി മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങളെ കുറിച്ച് പരസ്പരം മനസ്സിലാക്കുന്നതിനും സുസ്ഥിര തൃത്താലയുടെ ഭാവി പ്രവർത്തനങ്ങൾക്ക് സഹായകരമായ ശാസ്ത്രീയവും നൂതനവുമായ അറിവുകൾ കൈമാറുന്നതിനും ഓണോത്സവത്തിലൂടെ കഴിയും.
കഴിഞ്ഞ വിഷു -റംസാനോടനുബന്ധിച്ച് മണ്ഡലത്തിൽ നടത്തിയ കാർഷികോത്സവം വൻ വിജയമായിരുന്നു. മണ്ഡലത്തിലെ വിവിധ കർഷകർ കൃഷി ചെയ്ത 7 ടൺ പച്ചക്കറിയാണ് കാർഷികോത്സവത്തിൽ വിപണനം ചെയ്തത്.