വായന പക്ഷാചരണം ജില്ലാതല ഉദ്ഘാടനം നടന്നു

 

മനുഷ്യന്റെ അറിവിന്റെ അടിസ്ഥാനം വായന: എ. പ്രഭാകരന്‍ എം.എല്‍.എ

മനുഷ്യന്റെ അറിവിന്റെ അടിസ്ഥാനം വായനയാണെന്ന് എ. പ്രഭാകരന്‍ എം.എല്‍.എ. വായനാദിനത്തോടനുബന്ധിച്ച് ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സഹകരണത്തോടെ പുതുപ്പരിയാരം മധുരം ഗായതിയില്‍ നടന്ന ജില്ലാതല വായന പക്ഷാചരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എല്‍.എ. രാജ്യത്തെ യഥാര്‍ഥ ജീവിതാനുഭവങ്ങളെ കൂട്ടിയോജിപ്പിച്ചാണ് പുസ്തകങ്ങള്‍ രചിക്കപ്പെട്ടിരിക്കുന്നത്. പ്രദര്‍ശനത്തില്‍ പ്രതിപാദിക്കുന്ന പുസ്തകങ്ങളിലെല്ലാം പാലക്കാടിന്റെ സംസ്‌കൃതിയും ഗ്രാമീണ ഭംഗിയും ഉള്‍പ്പെട്ടിട്ടുണ്ട്. ചരിത്രവും ഭാവിയും അറിയാന്‍ വായന പ്രധാനമാണ്. വായനയിലൂടെ നമ്മുടെ ജീവിതാനുഭവങ്ങളും കോര്‍ത്തിണക്കി മുന്നോട്ട് പോകണം. സമൂഹത്തില്‍ സംഭാവന ചെയ്യാവുന്ന തരത്തിലേക്ക് നമ്മുടെ അറിവും വായനയും വളര്‍ത്തണമെന്നും എം.എല്‍.എ കൂട്ടിചേര്‍ത്തു.

പാലക്കാടന്‍ സാഹിത്യത്തിന്റെ ചരിത്രം പ്രതിഫലിപ്പിക്കുന്ന 1000-ത്തിലേറെ പുസ്തകങ്ങളുടെ പ്രദര്‍ശനം ജൂലൈ ഏഴ് വരെ പാലക്കാടന്‍ സാഹിത്യത്തിന്റെ ചരിത്രം പ്രതിഫലിപ്പിക്കുന്ന 1000-ത്തിലേറെ പുസ്തകങ്ങളുടെ പ്രദര്‍ശനമാണ് ഒ.വി വിജയന്‍ സ്മാരക സമിതി അംഗം രാജേഷ് മേനോന്റെ ഉടമസ്ഥതയിലുള്ള പുതുപ്പരിയാരത്തെ 'മധുരംഗായതി' പുസ്തകശാലയില്‍ ഒരുക്കിയിട്ടുളളത്. ഇന്നും (ജൂണ്‍ 20) ജൂലൈ ഏഴ് വരെ തിരഞ്ഞെടുക്കപ്പെടുന്ന ദിവസങ്ങളിലുമാണ് പാലക്കാടന്‍ തനിമ പ്രതിഫലിപ്പിക്കുന്ന പുസ്തകങ്ങളുടെ പ്രദര്‍ശനം നടക്കുക. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് പ്രദര്‍ശനം. വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് മധുരംഗായതിയിലെത്തി പുസ്തകങ്ങള്‍ വായിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. വില്‍പ്പന ഉണ്ടായിരിക്കുന്നതല്ല.

അനങ്ങൻ മലയുടെ പശ്ചാത്തലത്തിൽ നിന്നുമാണ് മലയാള സാഹിത്യത്തിലെ ആദ്യ നോവലിന്റെ പിറവി - കുന്ദലത,നവോത്ഥാന കഥകളിലെ പ്രധാനികളിലൊരാളായി മലയാള കഥാചരിത്രത്തിൽ അടയാളപ്പെടുന്നു മുത്തിരിങ്ങോടിന്റെ കഥകൾ,

കേരളം കടന്നുവന്ന കാലത്തിന്റെ ചരിത്രത്തിൽ നിർണായകമായ വി ടിയുടെ അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്, പാലക്കാടിന്റെ ജീവിതകാലം അടയാളപ്പെടുന്നു എം ടി യുടെ നാലുകെട്ട്, പാലക്കാടൻ ജീവിത വഴികളിൽ കൂടുതൽ നടക്കാൻ പ്രേരിപ്പിക്കുന്നു ഒ വി വിജയന്റെ തലമുറകൾ, ഗ്രാമീണ ജീവിതത്തിലെ സ്ത്രീജീവിതത്തെ ആ വിഷ്കരിക്കുന്നു രാജലക്ഷ്മി, മിത്തും വാമൊഴികളും കലർന്ന പാലക്കാടൻ ഭൂമികയുടെ ഒരു കാലം ഒടിയനിൽ കാണാം. വാക്കുകൾ കവിതകളായി പാലക്കാടിന്റെ ദൃശ്യ ഭംഗിയാകെ പകർത്തിയിടുന്ന കവിയുടെ കാൽപ്പാടുകളിൽ മഹാകവി പി കുഞ്ഞിരാമന്‍ നായർ,

പാലക്കാടിന്റെ വ്യത്യസ്തമായ ജീവിത പരിസരങ്ങള്‍ അടയാളപ്പെടുന്ന നങ്ങ്യേമക്കുട്ടി, ശേഷക്രിയ, ശവുണ്ടി, തൂമങ്ങള്‍, പറയിപെറ്റ പന്തിരുകുലം, കൗണ്ടന്‍ കളം തുടങ്ങി മുപ്പത് സര്‍ഗാത്മക പുസ്തകങ്ങളും, പ്രധാന പാലക്കാടന്‍ കഥാസന്ദര്‍ഭങ്ങളുള്ള പുസ്തകങ്ങളും പാലക്കാടിനെ അറിയാന്‍ കഴിയുന്ന ജീവചരിത്രങ്ങളും ഉള്‍പ്പെട്ട പുസ്തക ശേഖരണങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. പ്രവേശനം സൗജന്യമാണ്.

മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് അധ്യക്ഷനായ പരിപാടിയില്‍ പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍. ബിന്ദു, പുതുപ്പരിയാരം പതിനാറാം വാര്‍ഡ് മെമ്പര്‍ ചെല്ലമ്മ ടീച്ചര്‍, പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. കാഞ്ചന, വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി.എം. സലീന ബീവി, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ ഉണ്ണികൃഷ്ണന്‍, അസിസ്റ്റന്റ് എഡിറ്റര്‍ എം.പി അബ്ദുറഹ്‌മാന്‍ ഹനീഫ്, ജില്ലാ പഞ്ചായത്ത് അംഗവും സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗവുമായ വി.കെ ജയപ്രകാശ്, ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.എന്‍. മോഹനന്‍, ഒ.വി. വിജയന്‍ സ്മാരക സമിതി അംഗം രാജേഷ് മേനോന്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ പ്രസിഡന്റ് ഇ.വി. കോമളം, ക്യാന്‍ഫെഡ് ജില്ലാ ചെയര്‍മാന്‍ പി.എന്‍. നാരായണന്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.കെ സാജിത എന്നിവര്‍ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം