പാലക്കാട് ജില്ലയിലെ പുഴകളിൽ നീരൊഴുക്ക്

 

കനത്ത മഴയിൽ അണക്കെട്ടുകൾ തുറന്നതോടെ പുഴകളിൽ നീരൊഴുക്ക്‌ ശക്തമായി. കാഞ്ഞിരപ്പുഴ, മംഗലം, മീങ്കര, ശിരുവാണി അണക്കെട്ടുകളാണ്‌ അടിയന്തരമായി തുറന്നത്‌. കാഞ്ഞിരപ്പുഴ അണക്കെട്ടിൽ സ്പിൽവെ ഷട്ടറുകൾ 30 സെന്റിമീറ്റർ, മംഗലം അണക്കെട്ടിൽ ആറ്‌ സ്പിൽവെ ഷട്ടറുകൾ 40 സെന്റീമീറ്റർ, മീങ്കര അണക്കെട്ടിൽ രണ്ട്‌ സ്പിൽവെ ഷട്ടറുകൾ അഞ്ച്‌ സെന്റീമീറ്റർ, ശിരുവാണി അണക്കെട്ടിൽ സ്ലൂയിസ് ഷട്ടർ 50 സെന്റീമീറ്റർ എന്നിങ്ങനെ തുറന്നിട്ടുണ്ട്‌. 

കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പുഴ, കുമരംപുത്തൂർ, ശ്രീകൃഷ്ണപുരം, വെള്ളിനേഴി, തച്ചനാട്ടുകര, വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കവശേരി, പുതുക്കോട്‌, മേലാർക്കോട്‌, കണ്ണമ്പ്ര, വടവന്നൂർ, കൊല്ലങ്കോട്‌, മുതലമട, എലവഞ്ചേരി, പല്ലശന, കൊടുവായൂർ, ഷോളയൂർ, അഗളി പഞ്ചായത്തുകളിലുള്ളവർ ജാഗ്രതപാലിക്കണമെന്ന്‌ ദുരന്തനിവാരണ വകുപ്പ്‌ അറിയിച്ചു. ഭാരതപ്പുഴയിൽ മങ്കര, കുമ്പിടി സ്റ്റേഷനുകളിലും കണ്ണാടിപ്പുഴയിൽ പുതൂർ സ്റ്റേഷനിലും പുലംതോടിൽ പുലാമന്തോൾ സ്റ്റേഷനിലും ജലനിരപ്പ്‌ ഉയരുന്നുണ്ടെന്ന്‌ കേന്ദ്ര ജല കമീഷൻ (സിഡബ്ല്യുസി) റിപ്പോർട്ട്‌ ചെയ്തു. 

കഴിഞ്ഞ ദിവസം മങ്കര, കുമ്പിടി സ്റ്റേഷനുകളിൽ 48.34 മീറ്റർ, 4.90 മീറ്റർ എന്നിങ്ങനെയായിരുന്നു ജലനിരപ്പ്‌. ഇവിടെ വ്യാഴം വൈകിട്ട്‌ 49.40, 6.45 എന്നിങ്ങനെ ഉയർന്നിട്ടുണ്ട്‌. കണ്ണാടിപ്പുഴ പൂടൂരിൽ 62.08 മീറ്റർ ജലനിരപ്പ്‌ 63.50 മീറ്ററിലേക്ക്‌ ഉയർന്നാൽ സുരക്ഷാ മുന്നറിയിപ്പ്‌ പ്രഖ്യാപിക്കും. പുലംതോട് പുലാമന്തോൾ സ്റ്റേഷനിൽ 14.41 മീറ്ററാണ്‌ ജലനിരപ്പ്‌. ഇത്‌ 15.60 മീറ്ററായാൽ മുന്നറിയിപ്പ്‌ നൽകും. ഇവിടെ പുഴയിലിറങ്ങുന്നത്‌ നിരോധിച്ചു. മലമ്പുഴ അണക്കെട്ട്‌ ഇന്ന്‌ തുറക്കും മലമ്പുഴ അണക്കെട്ടിൽ ജലനിരപ്പ്‌ ഉയരുന്നതിനാൽ സ്പിൽവേ ഷട്ടറുകൾ വെള്ളിയാഴ്‌ച രാവിലെ തുറക്കുമെന്ന്‌ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.

അണക്കെട്ടിൽ ജൂൺ ഒന്ന്‌ മുതൽ 30 വരെ നിലനിർത്തേണ്ട ജലനിരപ്പ് 110.49 മീറ്ററാണ്‌. എന്നാൽ നിലവിൽ ജലനിരപ്പ്‌ 111.19 മീറ്ററായി ഉയർന്നു. അണക്കെട്ട്‌ തുറക്കുന്ന സാഹചര്യത്തിൽ ഭാരതപ്പുഴയുടെയും കൽപ്പാത്തി പുഴയുടെയും തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം