ജലസംരക്ഷണ മാതൃക പാലക്കാട് ജില്ലയിൽ വ്യാപിപ്പിക്കും: മന്ത്രി എം ബി രാജേഷ്

 

സുസ്ഥിര വികസനം ലക്ഷ്യം വെച്ച് തൃത്താല മണ്ഡലത്തിൽ നടപ്പാക്കുന്ന സുസ്ഥിര തൃത്താല പദ്ധതിയുടെ ജല സംരക്ഷണ മാതൃക പാലക്കാട് ജില്ലയിൽ വ്യാപിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ എക്സെസ് പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് കൂറ്റനാട് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജല സംരക്ഷണ മേഖലയിൽ തൃത്താല മണ്ഡലം കൈവരിച്ച നേട്ടത്തിൻ്റെ അടിസ്ഥാനത്തിലാണ് പദ്ധതി ജില്ലയിൽ വ്യാപിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. പദ്ധതിയുടെ ജില്ലാതല പ്രഖ്യാപനം ജൂൺ അഞ്ചിന് പാലക്കാട് നടക്കും. ചടങ്ങിൽ വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പങ്കെടുക്കും.

സുസ്ഥിര തൃത്താല മാതൃകയിൽ ജല സംരക്ഷണ പദ്ധതി സംസ്ഥാന അടിസ്ഥാനത്തിൽ വ്യാപിപ്പിക്കുന്നത് ആലോചനയിലാണെന്നും മന്ത്രി പറഞ്ഞു. 

പദ്ധതിയുടെ വിജയം സംബന്ധിച്ച് സംസ്ഥാന തലത്തിൽ വിവിധ വകുപ്പ് അധികൃതർക്കും ഉന്നത ഉദ്യോഗസ്ഥർക്കും അവബോധം നൽകുന്ന പരിപാടി തിരുവനന്തപുരത്ത് സംഘടിപ്പിക്കും. കില ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ദേശീയ തലത്തിലും പദ്ധതിയെപ്പറ്റി വിശദീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

സുസ്ഥിര തൃത്താല പദ്ധതി കാർഷിക മേഖലയിലും വലിയൊരു വഴിത്തിരിവാണ് ഉണ്ടാക്കിയത്. ഈ മാറ്റം കർഷകർക്കും മണ്ഡലത്തിനും കൂടുതൽ പ്രയോജനമാകും വിധം ഓണം ലക്ഷ്യമാക്കി സെപ്റ്റംബർ മാസത്തിൽ കാർഷിക കാർണിവൽ വിപുലമായി സംഘടിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. മണ്ഡലത്തിലെ കർഷകർ, സന്നദ്ധ സംഘടനകൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർക്കൊപ്പം കൃഷി വകുപ്പും കൈക്കോർത്ത് കാർണിവൽ വൻ വിജയമാക്കുമെന്നും മന്ത്രി പറഞ്ഞു.

ഓണവിപണി ലക്ഷ്യമാക്കിയുള്ള കൃഷിയുടെ വിത്തിറക്കൽ ജൂൺ 15ന് ആരംഭിക്കും.ഓണം ആഘോഷിക്കാൻ ആവശ്യമായ ഓണക്കിറ്റ് എന്ന ആശയവും നടപ്പാക്കും. അതിൻ്റെ പ്രരാംഭ നടപടികൾ പൂർത്തീകരിച്ച് വരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കഴിഞ്ഞ നാല് വർഷം ചിട്ടയായ രീതിയിലാണ് സുസ്ഥിര തൃത്താല പദ്ധതി നടപ്പിലാക്കിയത്. ഇതിലൂടെ മികച്ച നേട്ടങ്ങളാണ് പദ്ധതി കൈവരിച്ചിരിക്കുന്നത്. ഭൂജല വകുപ്പ് മണ്ഡലത്തിലെ എല്ലാ പൊതുസ്ഥാപനങ്ങളിലും ഫീൽഡ് പഠനം നടത്തി കൃത്രിമ ഭൂജല സംപോഷണം സാധ്യമായ 50 പൊതുസ്ഥാപനങ്ങളിൽ അവ നടപ്പാക്കി. ഇതിലൂടെ പ്രതിവർഷം 1,05,69,400

ലിറ്റർ മഴവെള്ളം റീചാർജ്ജ് ചെയ്യാനാകും. പ്രദേശത്തെ ഭൂഗർഭ ജലവിതാനം ഉയർത്തുന്നതിൽ ഈ പ്രവർത്തനം വലിയ പങ്കാണ് വഹിക്കുന്നത്. 2020 ജനുവരിയിൽ 11 മീറ്റർ ആഴത്തിൽ ജലം ലഭ്യമായിരുന്ന നിരീക്ഷണ കിണറിൽ 2025 ജനുവരിയിൽ 10.18 മീറ്റർ ആഴത്തിൽ നിന്ന് ജലം ലഭിക്കുന്നുവെന്നത് പദ്ധതിയുടെ വിജയമാണ്.

എട്ട് ഗ്രാമപഞ്ചായത്തുകളിൽ 107 കാർഷിക കുളങ്ങൾ പുതുതായി നിർമ്മിച്ച് 2,00,13,600 ലിറ്റർ മഴവെള്ളം അധികമായി ഭൂമിയിൽ ആഴ്ന്നിറക്കാൻ അവസരം ഒരുക്കി. മണ്ഡലത്തിലെ 64 പൊതുകുളങ്ങൾ നവീകരിച്ച് 2,68,93,000 ലിറ്റർ ജലസംഭരണശേഷി ഉറപ്പാക്കുന്നതിനും 139 നീർച്ചാലുകൾ നവീകരിച്ച് 117.05 കിലോമീറ്റർ ദൂരം നീരൊഴുക്ക് സുഗമമാക്കുവാനും സാധിച്ചു. 436 പുതിയ കിണറുകൾ നിർമ്മിച്ച് നൽകി. 600 വീടുകളിൽ കിണർ ചാർജിങ് പൂർത്തിയാക്കി 1,80,000 ലിറ്റർ മഴവെള്ളം സംഭരിക്കുന്നതിന് സൗകര്യമൊരുക്കി. കിണർ റീചാർജിംഗ് സാധ്യമായ 81 അങ്കണവാടികളിൽ 39 എണ്ണം പൂർത്തിയാക്കി. മറ്റുള്ളവ പൂർത്തിയായി വരുന്നു. ഇതിലൂടെ 1,77,000 ലിറ്റർ മഴവെള്ളം അധികം സംഭരിക്കാനായി.ഇങ്ങനെ മണ്ഡത്തിന്റെ 17 മേഖലകളിൽ നേട്ടം കൈവരിക്കാൻ സുസ്ഥിര തൃത്താല പദ്ധതി മുഖേന സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം