കുടുക്ക പൊട്ടിച്ച പണം ഇന്ത്യന്‍ സൈന്യത്തിന് കൊടുത്ത് കൊച്ചുമിടുക്കന്‍

തന്റെ മഞ്ഞ നിറത്തിലുള്ള വാട്ടര്‍ടാങ്ക് ആകൃതിയിലുള്ള കുടുക്കയുമായാണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ സായ് ധന്‍വിഷ് കരൂര്‍ ജില്ലാ കളക്ടറുടെ ഓഫീസിലെത്തിയത്. താന്‍ ഒരുവര്‍ഷമായി കൂട്ടി വച്ച സമ്പാദ്യം ഇന്ത്യന്‍ സൈന്യത്തിന് സംഭാവന നല്‍കണമെന്നായിരുന്നു കൊച്ചു ധന്‍വിഷിന്റെ ആഗ്രഹം. പഗല്‍ഗാം ഭീകരാക്രണത്തിന്റെ ഭാഗമായി ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ചതിന് ശേഷമാണ് തനിക്ക് ഇങ്ങനെ ഒരു ആഗ്രഹമുണ്ടെന്ന് എട്ട് വയസുകാരനായ ധന്‍വിഷ് മാതാപിതാക്കളെ അറിയിച്ചത്.

തമിഴ്‌നാട്ടിലെ വെള്ളിയാനയില്‍ മീന്‍കട നടത്തുന്ന സതീഷ് കുമാറിന്റെയും പവിത്രയുടെയും മകനാണ് ധന്‍വിഷ്. സഹായം ആവശ്യമുള്ളവര്‍ക്ക് അത് നല്‍കാന്‍ തനിക്ക് ഇഷ്ടമാണെന്നാണ് കുഞ്ഞു ധന്‍വിഷ് പറയുന്നത്.

ഇതിന് മുന്‍പ് വയനാട് മണ്ണിടിച്ചിലില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സഹായം നല്‍കിയും, ക്ഷേത്രങ്ങളില്‍ അഭയംതേടിയെത്തുന്ന ആരോരുമില്ലാത്തവര്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തുമെല്ലാം ധന്‍വിഷ് മുന്‍പും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. എല്ലാ വര്‍ഷവും ജൂണ്‍ 29 ന് തന്റെ ജന്‍മദിനത്തില്‍ ദരിദ്രര്‍ക്ക് ഒരു നേരത്തെ ഭക്ഷണം വിതരണം ചെയ്തുകൊണ്ടാണ് ധന്‍വിഷിന്റെ ആ ദിവസം കടന്നുപോകുന്നത്.
ധന്‍വിഷിന്റെ ഈ പ്രവൃത്തിയെ ജില്ലാ കളക്ടര്‍ അഭിനന്ദിക്കുകയും കുട്ടിയുടെ തീരുമാനത്തിനും അതിന് പിന്നിലുണ്ടായ പ്രചോദനത്തിനും നന്ദി അറിയിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ധന്‍വിഷ് പണം കൈമാറാന്‍ എത്തിയ വീഡിയോ ശ്രദ്ധനേടിക്കഴിഞ്ഞു.നിരവധി ഉപയോക്താക്കളാണ് കുട്ടിയുടെ ലക്ഷ്യബോധത്തെയും അവബോധത്തെയും പ്രശംസിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം