തപാൽ വോട്ട് വിവാദം; ജി സുധാകരനെതിരെ പൊലീസ് കേസെടുത്തു

ആലപ്പുഴ: തപാൽ വോട്ട് തിരുത്തിയെന്ന തുറന്നുപറച്ചിലിൽ മുൻ മന്ത്രി ജി സുധാകരനെതിരെ കേസ്. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. കേസെടുക്കാമെന്ന നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. ഐപിസി 465,468,471 വകുപ്പുകൾ ചുമത്തിയാണ് കേസ്.36 വർഷം മുൻപ് ആലപ്പുഴയിൽ മത്സരിച്ച കെ വി ദേവദാസിനായി കൃത്രിമം നടത്തിയെന്നാണ് കഴിഞ്ഞ ദിവസം ജി സുധാകരൻ വെളിപ്പെടുത്തിയത്.

വെളിപ്പെടുത്തലിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും ജി സുധാകരൻ പറഞ്ഞിരുന്നു. പരാമർശത്തിൽ ഇന്നലെ പുന്നപ്രയിലെ സുധാകരൻ്റെ വസതിയിൽ എത്തി അമ്പലപ്പുഴ തഹസിൽദാർ മൊഴിയെടുത്തിരുന്നു. സംഭവം വിവാദമായതോടെ ജി സുധാകരൻ പരാമർശത്തിൽ മലക്കംമറിഞ്ഞു. വോട്ടുമാറ്റി കുത്തുന്നവർക്ക് താൻ ചെറിയൊരു ജാഗ്രത നൽകിയതാണെന്നും അൽപ്പം ഭാവന കലർത്തിയാണ് താൻ സംസാരിച്ചതെന്നും ജി സുധാകരൻ പറഞ്ഞു.

 ആ പരാമർശം ഞാൻ പൊതുവേ പറഞ്ഞതാണ്. അൽപ്പം ഭാവന കലർത്തിയാണ് പറഞ്ഞത്. ഒരുതവണ പോലും ബാലറ്റ് തുറന്നുനോക്കിയിട്ടില്ല. ഒരു വോട്ടുപോലും തിരുത്തിയിട്ടില്ല. ഒരുതവണ പോലും കളളവോട്ട് ചെയ്യുകയോ പണം കൊടുക്കുകയോ ചെയ്ത‌ിട്ടില്ല. വോട്ട് മാറ്റി കുത്തുന്നവർക്ക് ജാഗ്രത നൽകിയതാണ്. മൊഴിയെടുത്തപ്പോൾ ഇക്കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്-എന്നാണ് ജി സുധാകരൻ പറഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം