അന്‍പോടെ തൃത്താല മെഗാ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ഇന്ന്; വിപുലമായ സജ്ജീകരണം ഒരുക്കി

മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ തൃത്താല മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര ആരോഗ്യ പദ്ധതിയായ അന്‍പോടെ തൃത്താലയുടെ ഭാഗമായി മെഗാ മള്‍ട്ടി സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് ഇന്ന് വിപുലമായി നടക്കും. മെഗാ മെഡിക്കല്‍ ക്യാമ്പ് ആരോഗ്യ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. മന്ത്രി എം.ബി രാജേഷ് അധ്യക്ഷനാവും. രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ വട്ടേനാട് ജി.വി.എച്ച്.എസ് സ്‌കൂളിലാണ് മെഡിക്കല്‍ ക്യാമ്പ്.  

കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെയും സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെയും മള്‍ട്ടി - സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളിലെയും നൂറിലധികം പ്രശസ്ത ഡോക്ടര്‍മാര്‍ പരിശോധനയ്ക്കെത്തും. സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളില്‍ നിന്നുള്ള പരിശോധനാ സംവിധാനങ്ങളും ചികിത്സാ സംവിധാനങ്ങളും ക്യാമ്പിലെത്തിക്കും. ആയുര്‍വേദ - ഹോമിയോ വിഭാഗങ്ങളിലെയും വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുക്കും.

നേത്ര പരിശോധനയ്ക്കും ദന്ത പരിശോധനയ്ക്കും ആധുനിക സംവിധാനങ്ങളുള്ള ക്ലിനിക്കുകളും ക്യാമ്പില്‍ ഉണ്ടാകും. ഇരുവിഭാഗങ്ങളിലും വിവിധ തരം ചികിത്സകളും ക്യാമ്പില്‍ വെച്ചു തന്നെ ചെയ്യാനാവും. ക്യാന്‍സര്‍ പരിശോധനയ്ക്കും രോഗ നിര്‍ണ്ണയത്തിനുമുള്ള ആധുനിക സൗകര്യങ്ങളുമുണ്ടാകും.

ക്യാമ്പിന്റെ ഭാഗമായി ക്യാന്‍സര്‍ പ്രതിരോധം, ജീവന്‍ രക്ഷാ പ്രാഥമിക ശുശ്രൂഷാ പരിശീലനം, ലഹരി നിര്‍മ്മാര്‍ജനം - സാമൂഹിക ഉത്തരവാദിത്വം, ഔഷധ സസ്യങ്ങള്‍, ഉത്തരവാദ രക്ഷാകര്‍തൃത്വം, പകര്‍ച്ചേതര രോഗ നിയന്ത്രണം, യോഗ, ജീവിതശൈലീ രോഗ നിയന്ത്രണം എന്നീ വിഷയങ്ങളില്‍ ആരോഗ്യ ബോധവത്കരണ ക്ലാസുകള്‍ നടത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം