നവംബര്‍ ഒന്നോടെ കേരളം അതിദരിദ്രരില്ലാത്ത നാട്: മുഖ്യമന്ത്രി പിണറായി വിജയന്‍

നവംബര്‍ ഒന്നു മുതല്‍ അതിദരിദ്രര്‍ ഇല്ലാത്ത നാടായി കേരളം മാറുമെന്നും പൊതുവിതരണ രംഗം ശക്തിപ്പെടുത്തുന്നതിന് സാമ്പത്തിക സഹായം ഉറപ്പു വരുത്തിയതിലൂടെയാണ് സംസ്ഥാനം ദാരിദ്ര്യവും വിലവര്‍ധനവും ഏറ്റവും കുറഞ്ഞ സംസ്ഥാനമായി മാറിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന പട്ടയമേള പാലക്കാട് കോട്ടമൈതാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 
 
നമ്മുടെ രാജ്യം ഏറ്റവും കൂടുതല്‍ ദരിദ്രരുള്ള രാജ്യമാണ്. ലോക രാഷ്ട്രങ്ങളുടെ പട്ടികയില്‍ 105 ആം സ്ഥാനത്താണ്. പാവപ്പെട്ടവര്‍ ഓരോ വര്‍ഷവും കൂടുകയാണ്. ദരിദ്രരുടെ ദരിദ്രാവസ്ഥയും എണ്ണവും കൂടുന്നു. ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വില ക്രമാതീതമായി ഉയരുകയും വിലക്കയറ്റം അസഹനീയമായി മാറുകയുമാണ്. വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തിലാണ്. ജനങ്ങളെ കണ്ടു കൊണ്ടുള്ള ഇടപെടല്‍ മാത്രമാണ് ഇതിന് കാരണം. 64,006 കുടുംബങ്ങളാണ് അതിദരിദ്രരായി നമ്മുടെ സംസ്ഥാനത്ത് ഉണ്ടായിരുന്നത്. അതില്‍ 78 ശതമാനം പേരേയും അതിദാരിദ്ര്യ മുക്തമാക്കിക്കഴിഞ്ഞു. ബാക്കി ഉള്ളവര്‍കൂടി നവംബര്‍ ഒന്നോടുകൂടി പൂര്‍ണ്ണമായും അതി ദരിദ്രാവസ്ഥയില്‍ നിന്നും മുക്തരാകും.  

പട്ടയം ലഭിച്ചതിലൂടെ സംസ്ഥാനത്തെ 43,058 കുടുംബങ്ങള്‍ ഭൂമിക്ക് അവകാശികളായി മാറി. 2016 ല്‍ ഒമ്പത് വര്‍ഷം മുമ്പ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പാണ് എല്ലാവര്‍ക്കും ഭൂമിയും വീടും ലഭ്യമാക്കുക എന്നത്. ഭൂരഹിതരും ഭവന രഹിതരുമില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്കാണ് നമ്മള്‍ പടിപടിയായി ചുവട് വയ്ക്കുന്നത്. ഭൂമിയുടെ കാര്യത്തില്‍ മാത്രമല്ല എല്ലാ കാര്യത്തിലും കഴിഞ്ഞ സര്‍ക്കാര്‍ സ്വീകരിച്ച നയങ്ങളുടെ തുടര്‍ച്ചയാണ് ഈ സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നത്. 
സർക്കാർ 2016 മുതല്‍ 2021 വരെ 1,77,011 പട്ടയങ്ങള്‍ വിതരണം ചെയ്തു. മൂന്ന് വര്‍ഷം കൊണ്ട് 1,80,887 പട്ടയങ്ങളും വിതരണം ചെയ്തു. 2021 ല്‍ അധികാരത്തിലെത്തി നാലാം വാര്‍ഷികത്തിന്റെ ഭാഗമായി 43,058 പട്ടയങ്ങള്‍ ഉള്‍പ്പെടെ 2,23,945 പട്ടയങ്ങള്‍ വിതരണം ചെയ്യുകയാണ്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ കണക്കനുസരിച്ച് നാല് ലക്ഷത്തിലധികം ഭൂരഹിതര്‍ നമ്മുടെ സംസ്ഥാനത്ത് ഭൂവുടമകളായി മാറി.
നമ്മുടെ രാജ്യത്ത് ഒരു സര്‍ക്കാരിനും അവകാശപ്പെടാനില്ലാത്ത നേട്ടമാണിത്. ഭൂമി തന്റെ ഭൂമിക്ക് അവകാശം ലഭിക്കാന്‍ ആഗ്രഹിക്കുന്ന നാല് ലക്ഷം കുടുംബങ്ങളുടെ ആഗ്രഹ സഫലീകരണമാണ് സര്‍ക്കാര്‍ ഉറപ്പുവരുത്തിയിരിക്കുന്നത്. 

സംസ്ഥാനത്ത് ഒരു ഭാഗത്ത് ഇത്തരത്തില്‍ ഭൂമിയുടെ അവകാശം ഉറപ്പു വരുത്തുമ്പോള്‍ വേറൊരു ഭാഗത്ത് സ്വന്തമായി വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതി ലൈഫ് മിഷനിലൂടെ നടപ്പിലാക്കുകയും നാലര ലക്ഷത്തിലധികം വീടുകളില്‍ കുടുംബങ്ങള്‍ താമസിക്കുകയും ചെയ്യുന്നു. ഏതാനും നാളുകള്‍ക്കുള്ളില്‍ വീടുകളുടെ എണ്ണം അഞ്ച് ലക്ഷമായി ഉയരും. കേരളത്തിൽ ക്ഷേമ പ്രവര്‍ത്തനങ്ങളിലും നല്ല ഇടപെടലുകള്‍ ഉണ്ടായി. 60 ലക്ഷം പേര്‍ക്ക് 1600 രൂപ വീതം ക്ഷേമ പെന്‍ഷന്‍ വീഴ്ചയില്ലാതെ എല്ലാ മാസവും കൃത്യമായി നല്‍കുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചു വരുന്നത്.
വിദ്യാഭ്യാസ രംഗം, പൊതു വിദ്യാഭ്യാസ രംഗം, ആരോഗ്യ മേഖല, മറ്റുരംഗങ്ങള്‍ എന്നിവയെ ശ്കതിപ്പെടുത്തുന്നതിനുള്ള ഇടപെടല്‍ ഇവയിലൂടെയെല്ലാം നാടിന്റെ പൊതു നന്‍മയാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നത്. ക്ഷേമ - വികസന രംഗങ്ങളില്‍ നാം മാതൃകാപരമായ നടപടികള്‍ തുടരും. പട്ടയ മിഷന്റെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും ഭാഗമായി നാല് ലക്ഷം കവിഞ്ഞ പട്ടയം അടുത്ത വര്‍ഷത്തോടെ അഞ്ച് ലക്ഷമായി മാറും. എന്തെങ്കിലും തടസങ്ങള്‍ പട്ടയ അസംബ്ലിയില്‍ ഉണ്ടെങ്കില്‍ അത്തരം വിഷയങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ കഴിയും. താലൂക്ക് തലത്തിലും ജില്ലാ തലത്തിലും പരിഹരിക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ അവിടെത്തന്നെ പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. പരിഹരിക്കാന്‍ കഴിയാതിരുന്ന ആയിരക്കണക്കിന് പട്ടയപ്രശ്‌നങ്ങളാണ് പട്ടയ ഡാഷ് ബോര്‍ഡിലൂടെ പരിഹരിക്കാന്‍ സാധിച്ചത്. അതോടൊപ്പം ഭൂരഹിതര്‍ക്കുള്ള ഭൂമി കണ്ടെത്താന്‍ ശ്രമിച്ചപ്പോള്‍ പല ഭൂമികളും തര്‍ക്കത്തില്‍പ്പെട്ടു കിടക്കുന്നെന്ന് കണ്ടെത്തി. പരിഹരിക്കുന്നതിനായി വില്ലേജ് തല ജനകീയ സമിതികള്‍ക്ക് രൂപം നല്‍കി.ലാൻ്റ് ബോര്‍ഡില്‍ വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകളില്‍ പരിഹാരം ഉണ്ടായാല്‍ പട്ടയ വിതരണം വേഗത്തിലാക്കാമെന്ന് മനസിലായി. ലാന്റ് ബോര്‍ഡിനെ പുന:സംഘടിപ്പിച്ചു. നാല് മേഖലകളായി തിരിച്ച് പ്രത്യേക തസ്തികകള്‍ സൃഷ്ടിച്ച് കേസുകള്‍ അതിവേഗത്തില്‍ തീര്‍പ്പാക്കി വരുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി പട്ടയ പ്രശ്‌നങ്ങള്‍ കേരളത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും പരിഹരിക്കപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ജില്ല ഭൂരഹിതരായ പട്ടികവര്‍ഗ്ഗക്കാരില്ലാത്ത ആദ്യജില്ലയായി മാറി. ആ മാതൃകയില്‍ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്നതാണ് സര്‍ക്കാരിന്റെ ആപ്തവാക്യം. 
എല്ലാവര്‍ക്കും പട്ടയം ലഭ്യമാക്കുന്നതോടൊപ്പം ഭൂമിയുടെ രേഖകളും കൃത്യമായി ലഭ്യമാക്കുന്നതിനായാണ് ഡിജിറ്റല്‍ റീസര്‍വേ നടപ്പിലാക്കുന്നതും, യുണീക് തണ്ടപ്പേര്‍, ഇ- പട്ടയം എന്നിവ നടപ്പിലാക്കുന്നതോടൊപ്പം വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളായി ഉയര്‍ത്തുന്നതും. സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു. ഇനിയും ഭൂമി ലഭ്യമാക്കാനുള്ളവര്‍ക്ക് കഴിയുന്നത്ര വേഗത്തില്‍ പട്ടയം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം നീങ്ങുകയാണ് സംസ്ഥാനം. ഇതിനായി രൂപീകരിച്ച പട്ടയ മിഷനും, പട്ടയ മിഷന്റെ ഭാഗമായ പട്ടയ അസംബ്ലികളും ഓരോ മണ്ഡലത്തിലേയും ഭൂരഹിതരെ കണ്ടെത്തി അവരുടെ പട്ടയ പ്രശ്‌നങ്ങള്‍ പരിഹരിച്ച് വരുന്നു. കൈവശ ഭൂമിക്ക് മാത്രമല്ല എല്ലാ ഭൂരഹിതരേയും കണ്ടെത്തി ഭൂ ഉടമകളാക്കി ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ രണ്ടാം ഗവണ്‍മെന്റ് പുതിയൊരു ചരിത്രം കുറിക്കുകയാണെന്നും കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പട്ടയം വിതരണം ചെയ്യാന്‍ കഴിഞ്ഞു എന്ന ബഹുമതി നേടാന്‍ ഈ സര്‍ക്കാരിന് സാധിച്ചെന്നും റവന്യൂ - ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. സംസ്ഥാന പട്ടയമേളയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും പട്ടയം കൊടുക്കുവാന്‍ സാധ്യമായ എല്ലാ വഴികളിലൂടെയും ഗവണ്‍മെന്റ് സഞ്ചരിച്ചു വരുകയാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് എല്ലാവര്‍ക്കും പട്ടയം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പട്ടയം മിഷന്‍ രൂപീകരിക്കുകയും സംസ്ഥാനത്തിലെ 140 മണ്ഡലങ്ങളിലും എംഎല്‍എമാര്‍ അധ്യക്ഷരായി മണ്ഡലത്തിലെ മുഴുവന്‍ ജനപ്രതിനിധികളെയും പങ്കാളികളാക്കിക്കൊണ്ട് റവന്യൂ അസംബ്ലിയും ചേരുവാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചു. 
പട്ടയം മിഷന്‍ വഴി സംസ്ഥാനത്തെ അവകാശപ്പെട്ട എല്ലാവര്‍ക്കും ഭൂമി നല്‍കുവാന്‍ സാധിച്ചു എന്ന് മാത്രമല്ല, ജില്ലയ്ക്കും സംസ്ഥാനത്തിനുമകത്ത് മറ്റു വകുപ്പുകളുടെ ആസ്തിയില്‍ വരുന്ന ഭൂമിയാണെങ്കില്‍ കൂടി വകുപ്പുകളുമായി കൂടി ആലോചിച്ച് പട്ടയ മിഷനെ നയിക്കുവാന്‍ ഏഴ് വകുപ്പുകളുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരെയും ചെയര്‍പേഴ്‌സണ്‍ ആയി ചീഫ് സെക്രട്ടറിയേയും ഉള്‍പ്പെടുത്തി പട്ടയ മിഷന്‍ രൂപീകരിച്ച് മുന്നോട്ടുപോവാന്‍ സാധിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തദ്ദേശ സ്വയംഭരണം, ജല വിഭവം, വനം, വൈദ്യുതി തുടങ്ങിയ വകുപ്പുകള്‍ സംയുക്തമായി പ്രവര്‍ത്തിച്ച് പത്തുവര്‍ഷക്കാലം കൊണ്ട് നല്‍കിയ ആകെ പട്ടയങ്ങളുടെ എണ്ണം 5 ലക്ഷമായി മാറ്റുന്ന ചരിത്ര മുഹൂര്‍ത്തം സര്‍ക്കാര്‍ പിന്നിടുകയാണ്. സംസ്ഥാനത്ത് വനാവകാശം ലഭ്യമാക്കിയിട്ടുള്ള 568 ആദിവാസി ഊരുകളിലെ വനാവകാശത്തിന് വിധേയരായിട്ടുള്ള ആളുകള്‍ക്ക് റവന്യൂ അവകാശങ്ങള്‍ നല്‍കുന്ന നടപടികള്‍ കൂടി ഇതിനോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അട്ടപ്പാടി താലൂക്കിലെ ആറു വില്ലേജുകളില്‍ മൂന്നു വില്ലേജുകളുടെ റിസര്‍വേ നടപടികള്‍ ഔപചാരികമായി ഗവണ്‍മെന്റ് ആരംഭിച്ചിട്ടുണ്ട്. 
മൂന്ന് വില്ലേജുകളുടെ കൂടി ഡിജിറ്റല്‍ റീ സര്‍വ്വേ പ്രകാരമുള്ള നടപടിക്രമങ്ങള്‍ ജൂണ്‍ മാസത്തില്‍ ആരംഭിക്കും. ആദിവാസികളുടെ ഭൂമി അവര്‍ക്ക് തന്നെ തിരിച്ചു നല്‍കാന്‍ കഴിയുന്ന ഒരു ഡിജിറ്റല്‍ റീ സര്‍വേയിലേക്ക് കേരളം പോവുകയാണ്. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന മുഖ മുദ്രാവാക്യവുമായി രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാനം ഡിജിറ്റല്‍ റീസര്‍വേയിലേക്ക് പോയിരിക്കുകയാണ്. ഭൂമിയുമായി ബന്ധപ്പെട്ട ക്രയവിക്രയങ്ങളില്‍ ഒരു തട്ടിപ്പുമില്ലാത്ത നിലയില്‍ രേഖകള്‍ ഇതോടൊപ്പം കൃത്യമാവുകയാണ്. ഭൂമിയുടെ രജിസ്‌ട്രേഷന്‍ മുതല്‍ ലൊക്കേഷന്‍ സ്‌കെച്ചിങ് വരെ കൃത്യതയോടെ നടപ്പിലാക്കി ഭൂമി കൈമാറാന്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി വിവിധ വകുപ്പുകളുടെ പോര്‍ട്ടലുകളെ സംയോജിപ്പിച്ചുകൊണ്ട് 'എന്റെ ഭൂമി' എന്ന പേരില്‍ പോര്‍ട്ടല്‍ ആരംഭിക്കുവാന്‍ സംസ്ഥാനത്തിന് സാധ്യമായി. 2025 നവംബര്‍ ഒന്നു മുതല്‍ റവന്യൂ വകുപ്പിന്റെ ഇരുപത്തിമൂന്നോളം സേവനങ്ങള്‍ എടിഎം കാര്‍ഡ് രൂപത്തിലുള്ള റവന്യൂ ഇ കാര്‍ഡ് എന്ന പേരില്‍ അറിയപ്പെടുന്ന കാര്‍ഡ് മുഖേന നടപ്പിലാക്കുവാന്‍ സാധിക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പട്ടയം വിതരണം ചെയ്യുന്ന ജില്ലയാവാന്‍ പാലക്കാട് ജില്ലയ്ക്ക് സാധിച്ചെന്നും അതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ഉദ്യോഗസ്ഥരും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി, തദ്ദേശ സ്വയം ഭരണ എക്‌സൈസ് പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എം. ബി രാജേഷ്, എം.എല്‍.എ മാരായ രാഹുല്‍ മാങ്കൂട്ടത്തില്‍, കെ.ബാബു, പി. മമ്മിക്കുട്ടി, എ പ്രഭാകരന്‍, കെ.ഡി.പ്രസേനന്‍, കെ.പ്രേംകുമാര്‍, പി.പി സുമോദ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, അഡീ. റെവന്യൂ സെക്രട്ടറി ഷീബാ ജോര്‍ജ,് ജില്ലാ കളക്ടര്‍ ജി പ്രിയങ്ക, , എ ഡി എം സുനില്‍ കുമാര്‍, ആര്‍ ഡി ഒ കെ. മണികണ്ഠന്‍, രാഷ്ട്രീയ പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം