അപകടമറിഞ്ഞത് 20 മണിക്കൂറുകള്‍ക്ക് ശേഷം; കത്തിക്കരിഞ്ഞ നിലയില്‍ 4 മൃതദേഹങ്ങള്‍, വീട് കത്തിനശിച്ച നിലയിൽ

ഇടുക്കി: ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാല് പേർ പൊള്ളലേറ്റ് മരിച്ചത് പുറം ലോകമറിഞ്ഞത് ഇരുപത് മണിക്കൂറുകള്‍ക്കുശേഷം. കൊമ്പൊടിഞ്ഞാൽ സ്വദേശി ശുഭ, മക്കളായ അഭിനവ്, അഭിനന്ദ്, ശുഭയുടെ അമ്മ പൊന്നമ്മ എന്നിവരെയാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട് പൂര്‍ണമായും കത്തിനശിച്ച നിലയിലായിരുന്നു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം എന്നായിരുന്നു പ്രാഥമിക നി​ഗമനം. മരണത്തിൽ ദുരൂഹതകളൊന്നും ഇല്ലെന്നും പൊലീസ് വിലയിരുത്തിയിരുന്നു.

പ്രധാന റോഡില്‍ നിന്നും മാറി ഒറ്റപ്പെട്ട വീടായതിനാലാണ് അപകട വിവരം ആരും അറിയാതെ പോയത്. റോഡില്‍ നിന്നും വീട്ടിലേക്ക് 150 മീറ്ററോളം നടപ്പുവഴിയാണ്. പ്രദേശവാസിയായ ജോസഫാണ് ദുരന്തം ആദ്യം അറിയുന്നതും ബാക്കിയുളളവരെ വിവരം അറിയിക്കുന്നതും. സംഭവം അറിഞ്ഞയുടൻ തന്നെ വെളളത്തൂവല്‍ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഫോറൻസിക് സംഘവും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തിയിരുന്നു.

സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ആത്മഹത്യയാകുമെന്ന് കരുതുന്നില്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്. എപ്പോഴാണ് തീപിടുത്തമുണ്ടായതെന്നോ മരണങ്ങളുണ്ടായതെന്നോ കൃത്യമായി അറിയില്ലെന്ന് പ്രദേശവാസികളും പ്രതികരിച്ചിരുന്നു. ശുഭയുടെ ഭര്‍ത്താവ് കൊവിഡ് കാലത്ത് മരണപ്പെട്ടിരുന്നു. പിന്നീട് ശുഭയ്ക്ക് വിഷാദരോഗമുണ്ടായെന്ന തരത്തിലും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം