പട്ടാമ്പി മണ്ഡലത്തിലെ പതിനൊന്ന് വിദ്യാലയങ്ങളിലാണ് സമഗ്ര മാനസിക ആരോഗ്യ പദ്ധതി (മാനസമിത്ര) നടപ്പാക്കുന്നത്. മുഹമ്മദ് മുഹ്സിൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഏകദിന ശില്പശാല കൊപ്പത്ത് നടന്നു. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കോളേജ് പി.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ സർവീസ് അക്കാദമിക് മേധാവി കെ.പി ആഷിഫ് പദ്ധതി വിശദീകരിച്ചു.
വിദ്യാർത്ഥികളിൽ വർധിച്ചു വരുന്ന ഉത്കണ്o, വിഷാദം, ആത്മഹത്യാ പ്രവണത, മനോവൈകല്യങ്ങൾ, ഡിജിറ്റൽ അഡിക്ഷൻ, ലഹരി ഉപയോഗം എന്നിവ മൂലം പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്ക് മാനസമിത്ര പദ്ധതി പ്രയോജനപ്പെടും. പട്ടാമ്പി മണ്ഡലത്തിലെ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടി കോഴിക്കോട് ഇമ്ഹാൻസിന്റെ അംഗീകാരത്തോടെ തയ്യാറാക്കിയതാണ് സമഗ്ര മാനസികാരോഗ്യ പദ്ധതിയായ 'മാനസമിത്ര'.
സംസ്ഥാനത്തെ പ്രമുഖ സൈക്കോളജിസ്റ്റുകൾ, സൈക്യാട്രിസ്റ്റുകൾ, ഡോക്ടർമാർ, വിദ്യാഭ്യാസ വിദഗ്ധർ, സ്കോൾ കേരള ഉദ്യോഗസ്ഥർ, തദ്ദേശ സാരഥികൾ തുടങ്ങിയവർ ഏകദിന ശില്പശാലയിൽ പങ്കെടുത്തു.
Tags
Pattambi