കൂറ്റനാട്: ദേശീയ സേവാഭാരതിയുടെ ഭാഗമായി തൃത്താല മേഖലയിലെ പെരിങ്കന്നൂർ ആസ്ഥാനമായി സാമൂഹ്യ സേവന മേഖലയിൽ പ്രവർത്തിക്കുന്ന സദാശിവ മാധവ സേവാ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പെരുമണ്ണൂരിൽ പുതിയ സേവാ കേന്ദ്രം ആരംഭിച്ചു. ആനന്ദാശ്രമം എന്ന പേരിലുള്ള സേ വാകേന്ദ്രത്തിന്റെ ഉദ്ഘാടനം കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മിധാനി (Mishra Dhatu Nigam Limited) ഇൻഡിപെൻഡന്റ് ഡയറക്ടർ പ്രൊഫസർ വീ. ടി. രമ നിർവഹിച്ചു.
ട്രസ്റ്റ് ചെയർമാനും ബാലവികാസ് സാമന്വയസമിതി കേരളത്തിന്റെ ഉപാധ്യക്ഷനുമായ അഡ്വ. കെ.പിതാംബരൻ അധ്യക്ഷത വഹിച്ചു. കേരള ഉത്തര പ്രാന്ത സഹ സേവ പ്രമുഖ് കെ ദാമോദരൻ മുഖ്യ പ്രഭാഷണം നടത്തി.
എൻ പി പ്രകാശ്, കെ പി അശോക് കുമാർ, കെ സി കുഞ്ഞൻ, കെ വി വരുൺ പ്രസാദ്, ലത സത്യൻ, കെ വേണുഗോപാൽ, വി ആർ രാഹുൽ എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി കലാശ്രമം ഹരിഗോവിന്ദിന്റെ സോപാന സംഗീതം, വിവിധ കലാപരിപാടികൾ ഉണ്ടായി. വിവിധ മേഖലയിൽ പെട്ടവരെ ആദരിച്ചു. സേവാ കേന്ദ്രത്തിനായി സ്ഥലം ട്രസ്റ്റിന് ദാനം നൽകിയ പെരുമണ്ണൂർ വടുക്കൂട്ട് ലക്ഷ്മിക്കുട്ടി അമ്മയെ ചടങ്ങിൽ അനുസ്മരിച്ചു.
സേവനത്തിന്റെ പാതയിൽ 14 വർഷം പിന്നിടുകയാണ് സദാശിവ മാധവ സേവാ ട്രസ്റ്റ്. 2010 ൽ ആരംഭിച്ച ബാലസദനത്തിനു പുറമെ, 2011 മുതൽ ആംബുലൻസ് സേവനങ്ങൾ, 2021 ൽ ഉദ്ഘാടനം ചെയ്ത് 300 രോഗികളുടെ വീടുകളിൽ മാസംതോറും സന്ദർശിച്ചു ചികിത്സ നൽകിവരുന്ന സേവാഭാരതി പാലിയേറ്റീവ് കെയർ എന്നിവ വിജയകരമായി നടത്തുന്ന ട്രസ്റ്റിന്റെ സംരംഭങ്ങൾ ആണ്. കൂടാതെ മെഡിക്കൽ ക്യാമ്പുകൾ, യോഗ ക്ലാസുകൾ, കുട്ടികളുടെ വ്യക്തിവികസന ക്ലാസുകൾ, ജൈവ കൃഷി പരിപാലനം തുടങ്ങിയ സേവനമേഖലകളിലും ട്രസ്റ്റ് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു.
ട്രസ്റ്റിന്റെ സേവ പദ്ധതികൾ പുതിയ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വാനപ്രസ്ഥ കേന്ദ്രത്തിന്റെ ആദ്യഘട്ടം എന്ന നിലയിൽ ആനന്ദാശ്രമം എന്ന പുതിയ സേവാകേന്ദ്രം ചാലിശ്ശേരി പെരുമണ്ണൂരിൽ നാടിന് സമർപ്പിക്കുന്നത്. സമൂഹത്തിന്റെ വിവിധ മേഖലകളെ സ്പർശിച്ചുകൊണ്ടുള്ള സേവാപദ്ധതികളുടെ പ്രഖ്യാപനവും ഉദ്ഘാടനത്തിന്റെ ഭാഗമായി നടന്നു.