✒️ സി.മൂസ, പെരിങ്ങോട്
തിരുമിറ്റക്കോട്: തിരുമിറ്റക്കോട്, നാഗലശ്ശേരി, ചാലിശേരി, മേഴത്തൂർ, ഞാങ്ങാട്ടിരി പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ രണ്ടാം വിള കൊയ്ത്തു തുടങ്ങിയ തോടെ നെല്ലു സൂക്ഷിക്കാനുള്ള പെടാപ്പിലായി കർഷകർ. മോട്ടോർ വെച്ച് ജലസേചനം നടത്തുന്ന പാടശേഖരങ്ങളിലാണ് ആദ്യഘട്ടത്തിൽ വിളവെടുപ്പ് നടന്നത്. ആദ്യഘട്ട കൊയ്ത്തു കഴിഞ്ഞ രായമംഗലം, ഇരിങ്കൂറ്റൂർ മേഖലയിലെ ചില പ്രദേശങ്ങളിൽ രണ്ടാഴ്ചയിലധികമായി,ശേഖരിച്ച നെല്ല് ടാർപായകളിലാക്കി ഉണക്കാനിട്ടിരിക്കുന്നതും, നെല്ല് ചാക്കുകളിലാക്കി കെട്ടിവെച്ചിരിക്കു ന്നതും കാണാം. പാടത്ത് വിളഞ്ഞ് കിടക്കുന്ന നെല്ലുകളിൽ പന്നി കൂട്ടങ്ങളെത്തി കുത്തിമറിച്ച് നിരവധി വിളവുകളാണ് കേടുവരുത്തിയത്.
കൊയ്തെടുത്തതിന് ശേഷവും കർഷകർക്ക് പന്നികളെ പേടിക്കേണ്ട സ്ഥിതിയാണുള്ളതെന്ന് രായമംഗലത്തെ കർഷകൻ എം രമേശ് പറഞ്ഞു. മോട്ടോർ ഉപയോഗിച്ച് ജലസേചനം നടത്തിയ
രായമംഗലം പാടശേഖരത്തിലാണ് ആദ്യഘട്ട കൊയ്ത്ത് സമാപിച്ചത്. പാടശേഖരത്തിനോട് ചേർന്നാണ് കർഷകർ നെല്ല് ചാക്കുകളിലാക്കി സൂക്ഷിക്കാറുള്ളത്. പകൽ നെല്ല് ഉണക്കാനായി വെയിലത്തിടാറുണ്ട്. നെല്ല് ചാക്കുകളിൽ നിറച്ച് കൂടുതൽ ദിവസം വെക്കുന്നതോടെ, ചാക്കുകൾ കുത്തി നിരത്താനെത്തുന്ന പന്നി കൂട്ടങ്ങളേയും പേടിക്കേണ്ട സ്ഥിതിയാണെന്നും കർഷകർ പറയുന്നു.ഇരിങ്കുറ്റൂർ, പെരിങ്കന്നൂർ, പാടശേഖരങ്ങളിൽ രണ്ടാംവിളയുടെ ആദ്യഘട്ട കൊയ്ത്ത് തുടങ്ങിയെന്നും വിളവെടുപ്പിനോടൊപ്പം നെല്ല് കയറ്റിപ്പോകാനുള്ള സൗകര്യമൊരുക്കണമെന്നുമാണ് കർഷകരുടെ ആവശ്യം.
കൊയ്തെടുത്ത് ചാക്കിലാക്കി കഴിഞ്ഞാൽ സപ്ലൈകോ മുഖേന പാസ്സ് വാങ്ങിയ മില്ലുടമകൾ പാടശേഖരങ്ങളിൽ നിന്ന് പെട്ടെന്ന് നെല്ല് ശേഖരിക്കുകയാണ് പതിവ്. എന്നാൽ, പാടശേഖരങ്ങളിൽ നിന്ന് നെല്ലെടുക്കാൻ ഏത് മില്ലുടമകളാണ് എത്തുക എന്നതിന് പോലും തീരുമാനമായിട്ടില്ലെന്നാണറിയുന്നത് . ഇതോടെ, കർഷകർ കൊയ്തെടുത്ത നെല്ലിന് രാവും പകലും കാവലിരിക്കേണ്ട സ്ഥിതിയുമായി. നെന്മണികൾ കൊത്തിയെടുക്കാനെത്തുന്ന മയിൽക്കൂട്ടങ്ങളുടെ ശല്യം വേറെയും. നിറഞ്ഞിരിക്കുന്ന നെൽച്ചാക്കുകളിൽ മയിലുകളും മറ്റു പക്ഷികളുമെത്തി ചാക്കുകൾ കൊത്തി കീറുന്നതിനാൽ നിറച്ച ചാക്കുകൾ മാറ്റി വീണ്ടും ചാക്കിൽ നിറക്കേണ്ട സ്ഥിതിയാണെന്നും കർഷകർ പറഞ്ഞു.
വെള്ളം നിറഞ്ഞ് കിടക്കുന്ന പാടശേഖരങ്ങളിലാണ് അടുത്ത ഘട്ടത്തിൽ കൊയ്ത്ത് തുടങ്ങുക. പന്നി കൂട്ടങ്ങളും മയിലുകളും കൂട്ടമായെത്തുന്നതിനാൽ മുൻകാലങ്ങളെപ്പോലെ പാടശേഖരങ്ങളിൽ നെൽ ചാക്കുകൾ കൂടുതൽ സൂക്ഷിക്കാൻ പറ്റാത്ത സ്ഥിതിയുണ്ടെന്നും ചാലിശ്ശേരിയിലെ യുവ കർഷകർ കെ.കെ.സതീഷ് കുമാർ, കെ.എസ്. രാജേന്ദ്രൻ എന്നിവർ പറഞ്ഞു.
പലപഞ്ചായത്തുകളിലും കൃഷി ഓഫീസർമാരുടെ തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നതായും കർഷകർ പറയുന്നു. അതേ സമയം തൃത്താലയിൽ തിരുമിറ്റക്കോട്, ചാലിശ്ശേരി, തൃത്താല , കപ്പൂർ തുടങ്ങിയ പല പഞ്ചായത്തുകളിലും കർഷകരുടെ സഹായത്തോടെ പന്നി വേട്ട നടത്തി നൂറോളം പന്നികളെ കൊന്നൊടുക്കിയതായും വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാർ അറിയിച്ചു.