✒️ സി.മൂസ, പെരിങ്ങോട്
കൂറ്റനാട്: 55 വർഷത്തിലധികമായി സ്ഥിരമായി മലയാളത്തിലെ പ്രധന വാർത്താ പത്രങ്ങളെല്ലാം സ്ഥിരമായി വീട്ടിൽ വരുത്തുകയും ഒഴിവ് സമയം മുഴുവൻ പത്രവായനക്കും ചരിത്രപഠനത്തിനുമായി മാറ്റി വെക്കുകയും ചെയ്ത വക്കീൽ വിശ്വനാഥൻ നായർ ഓർമ്മയായി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് രണ്ടാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലയാളത്തിലിറങ്ങുന്ന പ്രധാന വാർത്താ പത്രങ്ങളെല്ലാം വക്കീലിൻ്റെ വീട്ടിൽ വരുന്നുണ്ട്. മാതൃഭൂമി, മനോരമ,ദേശാഭിമാനി, വീക്ഷണം, മാധ്യമം കേരളകൗമുദി,മംഗളം,ജന്മഭൂമി, ഇംഗ്ലീഷ് പത്രങ്ങളായ ഹിന്ദു,ഇന്ത്യൻ എക്സ്പ്രസ്സ്, തുടങ്ങിയ 10 പത്രങ്ങളുടെ സ്ഥിരം വരിക്കാരനായ വിശ്വനാഥൻ നായർ കാലത്ത് 7മണി മുതൽ വായനയിൽ വ്യാപൃതനാകും.
തൻ്റെ സമപ്രായക്കാരുമായും, പുതു തലമുറക്കാരോടും പത്രത്തിൽ കാണുന്ന വിഷയങ്ങളുമായി ചർച്ച നടത്തുകയും ചെയ്യും. ആദ്യ കാലത്ത് കോൺഗ്രസ്സ് രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലർത്തിയിരുന്ന വക്കീൽ പിന്നീട് വായനക്കും, സ്വയം പഠനത്തിനുമായി ഒഴിവ് സമയങ്ങൾ മാറ്റി വെക്കുകയായിരുന്നു.
എയർഫോഴ്സിൽ നിന്ന് റിട്ടയർ ചെയ്ത ശേഷം 35 വർഷക്കാലം പട്ടാമ്പിയിലും കോഴിക്കോടും അഭിഭാഷകനായി ജോലി ചെയ്ത ഇദ്ദേഹം വലിയൊരു സൗഹൃദ വലയത്തിനും ഉടമയാണ്. രണ്ട് വർഷം മുമ്പ് നാട്ടിലെ സഹൃദയ വായനശാലാ പ്രവർത്തകർ ഇദ്ദേഹത്തെ വീട്ടിലെത്തി ആദരിച്ചിരുന്നു. നല്ലൊരു വായനക്കാരനേയും ചരിത്രാന്വേഷിയെയുമാണ് വിശ്വനാഥൻ നായരുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മതുപ്പുള്ളി, പെരിങ്ങോട് സഹൃദയ വായനശാലാ ഭാരവാഹികൾ അനുശോചന സന്ദേശത്തിലറിയിച്ചു.