വള്ളുവനാട്ടിൽ ഇനി ഉത്സവകാലം

ആനക്കര: വള്ളുവനാട്ടിൽ ഇനി ആഘോഷമാണ് 29ന് കുന്നത്ത് കാവ് താലപ്പൊലിയോടെയാണ് വള്ളുവനാട്ടിലെ ഉത്സവങ്ങൾക്ക് തുടക്കമാകുന്നത്. കുന്നത്തുനിന്നു എടുത്ത് മുളയിൽ അവസാനിക്കുക എന്ന ചൊല്ലുതന്നെ വള്ളുവനാട്ടിലുണ്ട്. പിന്നീട് മുളയങ്കാവ് താലപ്പൊലിയോടെയാണ് വള്ളുവനാട്ടിലെ ഉത്സവങ്ങൾക്ക് സമാപനമാകുന്നത്.

പരശുരാമൻ പ്രതിഷ്ഠിച്ച നൂറ്റെട്ട് കാവുകളാൽ സമൃദ്ധമായ വള്ളുവനാട്ടിലെ കർഷകഗ്രാമങ്ങളിൽ നാട്ടുത്സവങ്ങൾക്ക് കൊടിയേറിത്തുടങ്ങി. ഉത്സവങ്ങൾ തുടങ്ങുന്നതിന് മുന്നോടിയായി നിളാതടത്തിലെ പാടശേഖരങ്ങളിൽ കൊയ്തുകഴിയാറായി.

മണ്ഡലമാസം പിറക്കുന്നതോടെ തുടങ്ങുന്ന അയ്യപ്പൻ വിളക്കുത്സവങ്ങളോടെയാണ് ക്ഷേത്ര മുറ്റങ്ങൾ ഉണരുന്നത്. വള്ളുവനാട്ടിലെ ഉത്സവങ്ങൾക്ക് ജാതിമത ഭേദമില്ല. എല്ലാവിഭാഗക്കാരുടെയും കൂട്ടായ്മയുടെ കരുത്തിലാണ് ഓരോ നാട്ടുത്സവങ്ങളും നടക്കുന്നത്. ഒത്തൊരുമയുടെ പൂരംകൂടിയാണിത്. നാടും വീടും വിട്ട് മറുനാടുകളിൽ ജീവിതം നയിക്കുന്നവർക്ക് സ്വന്തം തട്ടകത്തെ പൂരം ഗൃഹാതുരത്വം ഉണർത്തുന്ന ഒരോർമ്മയാണ്.

ഓണവും വിഷുവും മറ്റ് ആറുതികളും മാറ്റിവെച്ച് ദേശത്തെ പൂരത്തിനാണവർ നാട്ടിലെത്തുക. കുടുംബത്തോടെ എത്തിച്ചേരാനും ഗതകാലസ്മരണകൾ പങ്കുവെയ്ക്കുവാനുമുളള നേരംകൂടിയാണവർക്ക് പൂരക്കാലം. തൃത്താല, പട്ടിത്തറ, കൂടല്ലുർ, പട്ടാമ്പി കൂറ്റനാട്, കുമരനെല്ലൂർ മേഖലകളിൽ താലപ്പൊലികൾക്കാണ് പ്രാധാന്യം. കല്ലടത്തൂർ ദേവിക്ഷേത്രം, വേങ്ങശ്ശേരി, മുക്കാരത്തിക്കാവ്, എളവാതിൽക്കൽ, ആമക്കാവ്, പുല്ലാനിക്കാവ്, മുലയംപറമ്പ് മുലളയംക്കാവ് തുടങ്ങിയ താലപ്പൊലികൾ പ്രസിദ്ധമാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം