പൊതുവേദിയില്‍ അശ്ലീല പദപ്രയോഗം നടത്തിയെന്ന കേസില്‍ ഗെയിമറും യൂട്യൂബറുമായ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് lഇന്നലെ അര്‍ധരാത്രി കൊച്ചിയിലെത്തി.
ഇവിടെ സുഹൃത്തിന്റെ താമസസ്ഥലത്ത് കഴിയുകയായിരുന്നു നിഹാദ്. മുറിയുടെ വാതില്‍ ചവിട്ടിപ്പൊളിച്ചായിരുന്നു പൊലീസ് യുവാവിനെ പുറത്തിറക്കിയത്.
പൊലീസ് എത്തിയതോടെ തൊപ്പി ഗെയിം സ്ട്രീമിങ് പ്ലാറ്റ്‍ഫോമായ 'ലോക്കോ'യിലൂടെ തത്സമയം സംപ്രേഷണം ആരംഭിച്ചു. പൊലീസാണെന്നു പറഞ്ഞ് ആരോ വാതില്‍ തുറക്കാൻ ആവശ്യപ്പെടുന്നുണ്ടെന്ന് ലൈവില്‍ യുവാവ് പറഞ്ഞു. ആദ്യം വന്ന് പൊലീസ് വാതില്‍ ചവിട്ടിത്തുറക്കാൻ ശ്രമിച്ചു. എന്നാല്‍, അകത്തുനിന്ന് ശ്രമിച്ചിട്ടും വാതില്‍ തുറക്കാനാകുന്നില്ലെന്ന് നിഹാദ് അറിയിച്ചു. തുടര്‍ന്ന് താക്കോല്‍ പൊലീസിനു നല്‍കി പുറത്തുനിന്ന് വാതില്‍ തുറക്കാൻ ആവശ്യപ്പെടുകയായിരുന്നു.
പൊലീസാണോ ഗുണ്ടകളാണോ എന്ന് അറിയില്ലെന്നും കുറച്ചുനേരമായി വാതില്‍ ചവിട്ടിത്തുറക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഇദ്ദേഹം ലൈവില്‍ അറിയിച്ചു. ഇങ്ങനെ വീട്ടില്‍ വന്നു വാതില്‍ ചവിട്ടിപ്പൊളിക്കേണ്ട ആവശ്യമൊന്നുമില്ല. കുറച്ചുമുൻപ് പൊലീസ് വിളിച്ചപ്പോള്‍ അടുത്ത ദിവസം സ്‌റ്റേഷനില്‍ ഹാജരാകാമെന്ന് അറിയിച്ചതാണെന്നും നിഹാദ് പറഞ്ഞു.
ഈ സമയത്ത് വന്ന് അറസ്റ്റ് ചെയ്യുന്നത് വാര്‍ത്ത സൃഷ്ടിക്കാനാണെന്നും യുവാവ് ആരോപിച്ചു. രാഷ്ട്രീയക്കാരുടെ ഒരുപാട് കേസുകള്‍ നിലവിലുണ്ട്. അതെല്ലാം മുക്കാനാണ് ഇതെന്നും നിഹാദ് കുറ്റപ്പെടുത്തി.
കഴിഞ്ഞയാഴ്ച മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ വസ്ത്രക്കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴായിരുന്നു വിവാദ പരാമര്‍ശം. അശ്ലീല പദപ്രയോഗം നടത്തിയതിനു പുറമെ ഗതാഗതതടസം സൃഷ്ടിച്ചെന്നും കേസുണ്ട്. കടയുടമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വളാഞ്ചേരി പൈങ്കണ്ണൂര്‍ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവര്‍ത്തകനുമായ സെയ്ഫുദ്ദീൻ പാടത്തും എ.ഐ.വൈ.എഫ് നേതാവ് മുര്‍ശിദുല്‍ ഹഖും നല്‍കിയ പരാതികളിലാണ് നടപടി.