എടപ്പാൾ: വിവിധ പ്രദേശങ്ങളിൽ നിന്നായി എടപ്പാളിൽ അഞ്ച് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് എടപ്പാൾ ടൗണിൽ നിന്ന് മൂന്ന് പേരെ തെരുവ് നായ അക്രമിച്ചത്. മൂതൂർ അപ്പത്തു കാട്ടിൽ റഫീഖ് (33), വട്ടംകുളം കുറത്തിക്കുന്നത്ത് മോഹനൻ (57), എടപ്പാളിലെ ലോഡ്ജിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശി ആശാ തമ്പി (33) എന്നിവർക്ക് തെരുവുനായുടെ കടിയേറ്റത്.
കഴിഞ്ഞ ദിവസം പ്രദേശത്ത് രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. പനമ്പുള്ളി മുരളിയുടെ ഭാര്യ രാധിക (39) അയ്യങ്കാട്ട് കളരിക്കൽ പ്രതീഷിന്റെ മകൾ ശിവദ (4) എന്നിവർക്കാണ് കഴിഞ്ഞ ദിവസം മുതുർ കല്ലാനിക്കാവ് പ്രദേശത്ത് നിന്ന് തെരുവുനായുടെ കടിയേറ്റത്. മൂതുർ കല്ലാനിക്കാവ് പ്രദേശത്ത് വീട്ടിന്റെ ഉമ്മറത്തിരുന്ന യുവതിയെയും കൊച്ചുകുട്ടിയെയും നായ അക്രമിക്കുകയായിരുന്നപ്രദേശത്ത് നിരവധി വളർത്തു മൃഗങ്ങൾക്കും തെരുവുനായയുടെ അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്.
തെരുവ് നായകളുടെ ശല്ല്യം നിയന്ത്രിക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ബിജെപി കല്ലാനിക്കാവ് ബൂത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കൂടാതെ തെരുവ് നായകൾക്ക് റോഡിൽ ഭക്ഷണം കൊടുത്തു വളർത്തുന്ന നിരവധി വീടുകൾ ഈ പ്രദേശത്തുണ്ട്.
ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും തെരുവ് നായകളെ വളർത്തണമെന്ന് ആഗ്രഹിക്കുന്നവർ സ്വന്തം ചുറ്റുമതിനുള്ളിൽ വളർത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. ബിജെപി ബൂത്ത് പ്രസിഡണ്ട് ജോഷി, മണ്ഡലം സെക്രട്ടറി പി പി സുജീഷ്, വസന്തകുമാർ സി, പ്രജീഷ് പി വി, കെ പി ബിനീഷ് എന്നിവർ സംസാരിച്ചു.