ചരിത്ര മത്സരം കളിക്കാനിറങ്ങിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയ ഏക ഗോളിന്‍റെ കരുത്തിൽ പോർചുഗലിന് ജയം. യൂറോ കപ്പ് യോഗ്യത മത്സരത്തിൽ ഐസ്ലാൻഡിനെതിരെ കളത്തിലിറങ്ങിയതോടെ അന്താരാഷ്ട്ര ഫുട്ബാളിൽ 200 മത്സരം കളിക്കുന്ന ആദ്യപുരുഷ താരമായി ക്രിസ്റ്റ്യാനോ.
മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു പോർചുഗലിന്‍റെ ജയം. മത്സരശേഷം 200 അന്താരാഷ്ട്ര ഫുട്ബാൾ മത്സരം കളിച്ചതിനുള്ള ഗിന്നസ് റെക്കോർഡ് പുരസ്കാരം താരം ഏറ്റുവാങ്ങി. കളിയുടെ 89ാം മിനിറ്റിലായിരുന്നു താരത്തിന്‍റെ വിജയഗോൾ. ഗോൺസാലോ ഇനാസിയോയാണ് ഗോളിന് വഴിയൊരുക്കിയത്. അന്താരാഷ്ട്ര ഫുട്ബാളിൽ കൂടുതൽ ഗോൾ സ്വന്തമാക്കിയ താരമെന്ന റെക്കോഡും ക്രിസ്റ്റ്യനോയുടെ പേരിലാണ്. 123 തവണയാണ് താരം പോർചുഗലിനായി വലകുലുക്കിയത്.
2003 ആഗസ്റ്റിൽ കസാഖിസ്താനെതിരെയായിരുന്നു പോർചുഗീസ് ജഴ്സിയിൽ താരത്തിന്‍റെ അരങ്ങേറ്റം. 196 മത്സങ്ങള്‍ കളിച്ച കുവൈത്ത് താരം ബദല്‍ അല്‍ മുതവയുടെ റെക്കോഡ് നേരത്തെ റൊണാള്‍ഡോ മറികടന്നിരുന്നു. ഗോൾ വേട്ടയിൽ 109 ഗോൾ നേടിയ ഇറാന്റെ അലി ദേയിയാണ് താരത്തിന് തൊട്ടുപിന്നിലുള്ളത്. ലയണൽ മെസ്സി 175 മത്സരങ്ങളിൽനിന്നായി അർജന്റീനക്കായി 103 ഗോളുകളാണ് നേടിയത്.
ക്രിസ്റ്റ്യാനോ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പോര്‍ചുഗല്‍ ജഴ്‌സിയണിഞ്ഞത് പെപ്പെയാണ് -133. ലൂയിസ് ഫിഗോ (127), നാനി (112) എന്നിവരാണ് തൊട്ടുപിന്നില്‍. സ്‌പോര്‍ട്ടിങ് ലിസ്ബണ്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍ മഡ്രിഡ്, യുവന്റസ്, അല്‍ നസ്ര്‍ ക്ലബുകള്‍ക്കായി റൊണാള്‍ഡോ 837 ഗോളും നേടിയിട്ടുണ്ട്.