പനി പടരുന്നു; മരണം 34, ചികിത്സ തേടിയത് 17.42 ലക്ഷം പേര്‍

സംസ്ഥാനത്ത് പനി അനുബന്ധ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നു. പനി ബാധിച്ചുള്ള മരണവും വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഈ സീസണില്‍ മാത്രം പനി ബാധിച്ച് 34 പേര്‍ മരിച്ചതായാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. 27 പേര്‍ എലിപ്പനി ബാധിച്ചും ഏഴ് പേര്‍ ഡെങ്കിപ്പനി ബാധിച്ചുമാണ് മരണപ്പെട്ടത്.

പ്രതിദിന പനി ബാധിതരുടെ എണ്ണത്തിലും ക്രമാതീത വര്‍ധനയാണുണ്ടാകുന്നത്. ഇന്ന് സംസ്ഥാനത്ത് 12,876 പേര്‍ ചികിത്സ തേടി. കഴിഞ്ഞ ഒരു മാസത്തിനിടെ പനി ബാധിതരായ 1,74,222 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്.

മലപ്പുറത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും പനി ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 2000 കടന്നു. ഇന്നലെ 2,095 പേരാണ് ജില്ലയില്‍ ചികിത്സ തേടിയത്.

സംസ്ഥാനത്ത് ഇന്നലെ ചികിത്സ തേടിയവരില്‍ 133 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതില്‍ പകുതിയും എറണാകുളം ജില്ലയിലാണ്. 64 പേര്‍ക്കാണ് ജില്ലയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മലപ്പുറത്ത് 28 പേര്‍ക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

രോഗ നിയന്ത്രണത്തിനായി മന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളുടെയും സമഗ്ര അവലോകന യോഗം ചേര്‍ന്നു. ജില്ലാതല അവലോകനങ്ങള്‍ കൃത്യമായി നടത്തി നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ മന്ത്രി നിര്‍ദേശം നല്‍കി. വരുന്ന ആഴ്ചകളില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈ ഡേ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. വെള്ളിയാഴ്ച സ്‌കൂളുകള്‍, ശനിയാഴ്ച ഓഫീസുകള്‍, ഞായറാഴ്ച വീടുകള്‍ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. വെക്ടര്‍ കണ്‍ട്രോള്‍ പ്രവര്‍ത്തനങ്ങളും കൂടുതല്‍ ശക്തമാക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണം.

ആശുപത്രിയില്‍ നിന്നും രോഗം പകരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികളില്‍ കൊതുകുവല ഉപയോഗിക്കണം. ഐസൊലേഷന്‍ വാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

ആശുപത്രികള്‍ കൂടുതല്‍ സജ്ജമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. എല്ലാ ആശുപത്രികളിലും എലിപ്പനി പ്രതിരോധത്തിനായുള്ള ഡോക്‌സിസൈക്ലിന്‍ ഗുളികകള്‍ വിതരണം ചെയ്യുന്നതിനുള്ള ഡോക്‌സി കോര്‍ണറുകള്‍ സ്ഥാപിക്കണം. ക്രിറ്റിക്കല്‍ കെയര്‍ മാനേജ്‌മെന്റ് സൗകര്യങ്ങള്‍ ഉറപ്പാക്കണം. തദ്ദേശ സ്ഥാപന പ്രതിനിധികളുമായി സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഒഴിവുള്ള തസ്തികകളില്‍ മുഴുവന്‍ നിയമനം നടത്തണം. വാര്‍ഡ്തല സാനിട്ടേഷന്‍ കമ്മിറ്റി ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

പ്രതിരോധം ഏകോപിപ്പിക്കാന്‍ മോണിറ്ററിംഗ് സെല്‍: ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മരണം ഒഴിവാക്കുന്നതിനുള്ള തീവ്ര പരിശ്രമങ്ങളാണ് നടത്തുന്നത്. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും പ്രതിരോധ മരുന്ന് കഴിക്കാത്തവരാണ് എലിപ്പനി ബാധിച്ച് മരിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

മരണം പരമാവധി കുറയ്ക്കാനായി വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടത്തണം. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പ് വരുത്തണം. ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ശക്തമാണെന്ന് ഉറപ്പാക്കണം. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മോണിറ്ററിംഗ് സെല്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം