![]() |
യൂട്യൂബര്‍ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിനെതിരെ കേസ്. മലപ്പുറം വളാഞ്ചേരിയിലെ പരിപാടിയുമായി ബന്ധപ്പെട്ടാണ് മുഹമ്മദ് നിഹാലിനെതിരെ കേസെടുത്തിരിക്കുന്നത്.
വസ്ത്രവ്യാപാരശാലയുടെ ഉദ്ഘാടന പരിപാടിക്കിടെ, അശ്ലീലപദങ്ങള്‍ ഉപയോഗിച്ചതിനാണ് കേസ്. കൂടാതെ ഗതാഗതം തടസ്സപ്പെടുത്തിയതിനും യുവാവിനെതിരെ കേസെടുത്തിട്ടുണ്ട്. ഉദ്ഘാടനപരിപാടി സംഘടിപ്പിച്ച 'Pepe സ്ട്രീറ്റ് ഫാഷന്‍' കടയുടെ ഉടമയ്‌ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
വളാഞ്ചേരി പൈങ്കണ്ണൂര്‍ പാണ്ടികശാല സ്വദേശിയും സന്നദ്ധപ്രവര്‍ത്തകനുമായ സെയ്ഫുദ്ദീന്‍ പാടത്തിന്റെ പരാതിയിലാണ് വിവാദ പരിപാടിയില്‍ പോലീസ് കേസെടുത്തിരിക്കുന്നത്. ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെടുത്തി, ഉച്ചത്തില്‍ തെറിപ്പാട്ട് പാടി തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞദിവസമാണ് ഇദ്ദേഹം പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് വ്യാഴാഴ്ച പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
ആറ് ലക്ഷത്തില്‍ കൂടുതല്‍ സബ്സ്‌ക്രൈബേഴ്സാണ് കണ്ണൂര്‍ സ്വദേശിയായ തൊപ്പിയുടെ യുട്യൂബ് ചാനലിനുള്ളത്. ഇയാളുടെ യുട്യൂബ് ചാനലിനും 'തൊപ്പിക്കും' കുട്ടികള്‍ ആണ് ഏറെ ആരാധകര്‍.
ഗെയിമിങ് പ്ലാറ്റ്ഫോമിലൂടെയാണ് തൊപ്പി കുട്ടികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ടത്. 18 വയസിന് താഴെയുള്ള നിരവധി കുട്ടികളാണ് ഇയാളുടെ വീഡിയോ സ്ഥിരമായി കാണുന്നത്.എന്നാല്‍ സഭ്യതയില്ലാതെയും അങ്ങേയറ്റം ടോക്സികായുമാണ് ഇയാള്‍ വീഡിയോയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.