സംസ്ഥാനത്ത് തെരുവ് നായ ശല്യം വർദ്ധിച്ച സാഹചര്യത്തിൽ തെരുവ് നായകളെ നിയന്ത്രിക്കുക മനുഷ്യജീവൻ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി എസ് വൈ എസ് പടിഞ്ഞാറങ്ങാടി സർക്കിൾ പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നിവേദനം നൽകി.
കുട്ടികളടക്കം നിരവധി പേർ ഇതിനകം ആക്രമിക്കപ്പെട്ടു. കണ്ണൂർ ജില്ലയിലെ മുഴുപ്പിലങ്ങാട് ഭിന്നശേഷിക്കാരനായ ഒരു കുട്ടി ദാരുണമായി കൊല്ലപ്പെട്ടു. തൊട്ടടുത്ത ദിവസം അതേ പ്രദേശത്തു വെച്ച് മറ്റൊരു കുട്ടി തെരുവ് നായകളുടെ ക്രൂരമായ അക്രമത്തിന്നിരയായി. മനുഷ്യജീവന് കടുത്ത ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. ഇതിനെതിരെ നടപടികൾ ഗ്രാമ പഞ്ചായത്തിന്റെ ഭാഗത്തുനിന്നുണ്ടാവണമെന്നഭ്യർത്ഥിച്ചു കൊണ്ടാണ് നിവേദനം നൽകിയത്.
നിലവിലുള്ള നിയമത്തിന്റെ പരിധിയിൽ നിന്ന് കൊണ്ട് തെരുവു നായകളെ നിയന്ത്രിക്കാനാവശ്യമായ പരമാവധി കാര്യങ്ങൾ ചെയ്യുക, മനുഷ്യ ജീവന് ഭീഷണിയാകുന്ന തരത്തിൽ തെരുവ് നായ ശല്യം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അക്രമകാരികളായ തെരുവ് നായകളെ കൊല്ലാനുള്ള അധികാരം ഗ്രാമ പഞ്ചായതത്തുകൾക്ക് നൽകണമെന്നാവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസ്സാക്കി സംസ്ഥാന സർക്കാറിന് നൽകുക, സന്നദ്ധ സംഘടനകളുടെയും പോലീസിന്റെയും സഹകരണത്തോടെ തെരുവ് നായശല്യമുള്ള പ്രദേശങ്ങളിൽ കുട്ടികൾക്കാവിശ്യമായ സുരക്ഷയൊരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, തെരുവ് നായ ഉൾപ്പെടെയുള്ള മൃഗങ്ങൾക്കും പക്ഷികൾക്കും അവശ്യ ഘട്ടത്തിൽ ഭക്ഷണം, വെള്ളം എന്നിവ ലഭ്യമാക്കുന്നതിനാവശ്യമായ ജനകീയ ഇടപെടൽ സാധ്യമാക്കണം. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ജനകീയ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് നിവേദനം സമപ്പർപ്പിച്ചത്.
സഫ്‌വാൻ റഹ്മാനി, സലാംഅൽ ഹസനി, ആബിദ് ആലൂർ, ജലീൽ അഹ്സനി ആലൂർ , സൈനുദ്ധീൻ ഒതളൂർ, സാബിത് മുസ്‌ലിയാർ എന്നിവർ ചേർന്നാണ് പട്ടിത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. ബാലന് നിവേദനം സമർപ്പിച്ചത്. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപന മേധാവികൾക്കും ഇത്തരത്തിൽ നിവേദനം നൽകികൊണ്ടിരിക്കുകയാണെന്നും സർക്കാർ ഉചിതമായ നടപടി വേഗത്തിൽ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും എസ് വൈ എസ് നേതാക്കൾ പറഞ്ഞു.