മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പിലെ പണമിടപാട് കേസില്‍ കെ സുധാകരന്‍ അറസ്റ്റില്‍.
ഇന്ന് വൈകിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് വേണ്ടിവന്നാല്‍ ജാമ്യമനുവദിക്കണമെന്ന കോടതി നിര്‍ദേശമുള്ളതിനാല്‍ സുധാകരനെ ജാമ്യത്തില്‍ വിട്ടയച്ചു.കേസില്‍ രണ്ടാം പ്രതിയാണ് സുധാകരന്‍. തട്ടിപ്പു കേസില്‍ ഇതാദ്യമായാണ് ഒരു കെ പി സി സി അധ്യക്ഷന്‍ അറസ്റ്റിലാകുന്നത്.
എട്ട് മണിക്കൂര്‍ ചോദ്യം ചെയ്യലിനു ശേഷമാണ് സുധാകരന്റെ അറസ്റ്റ് ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയത്. ആവശ്യമാണെങ്കില്‍ സുധാകരനെ ചോദ്യം ചെയ്യലിനായി വീണ്ടും വിളിപ്പിക്കുമെന്ന് ക്രൈം ബ്രാഞ്ച് വ്യക്തമാക്കി.
പുരാവസ്തു തട്ടിപ്പിലെ പണമിടപാടുമായി ബന്ധപ്പെട്ട് സുധാകരന്റെ പങ്കാളിത്തം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി എം ടി ഷെമീറാണ് പരാതി നല്‍കിയത്. സുധാകരന്‍ മോണ്‍സന്റെ കൈയില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടെന്ന ദൃക്‌സാക്ഷികളുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.
നാളെ കോണ്‍ഗ്രസ് കരിദിനം
സുധാകരനെ അറസ്റ്റ് ചെയ്തതിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. മണ്ഡലാടിസ്ഥാനത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുക. നാളെ സംസ്ഥാനത്ത് ഉടനീളം കരിദിനമാചരിക്കാനും ഡി സി സി നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്താനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്.
അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചന: വി ഡി സതീശന്‍
സുധാകരനെ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ഭയമാണ് സര്‍ക്കാരിനെ ഭരിക്കുന്നതെന്നും ഇതുകൊണ്ടൊ്ന്നും പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാമെന്ന് കരുതേണ്ടെന്നും സതീശന്‍ പറഞ്ഞു.
അറസ്റ്റ് സി പി എമ്മിന്റെ നിര്‍ദേശ പ്രകാരമാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. പ്രതിപക്ഷത്തെ ഓലപ്പാമ്ബ് കാട്ടി വിരട്ടാന്‍ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.