വീട് വെക്കാന്‍ അപേക്ഷയുമായി പലവട്ടം പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല; ലൈഫ് പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച്‌ യുവാവ് കീഴാറ്റൂര്‍ പഞ്ചായത്ത് ഓഫീസിന് തീയിട്ടു.

മലപ്പുറം: ലൈഫ് പദ്ധതിയില്‍ പേര് ഉള്‍പ്പെടുത്താത്തില്‍, പ്രതിഷേധിച്ച്‌ യുവാവ് മലപ്പുറം കീഴാറ്റൂരില്‍ പഞ്ചായത്ത് ഓഫീസിന് തീയിട്ടു. കീഴാറ്റൂര്‍ സ്വദേശി മുജീബ് റഹ്‌മാൻ ആണ് തീയിട്ടത്. മുജീബിനെ മേലാറ്റൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കമ്ബ്യൂട്ടറുകള്‍ കത്തി നശിച്ചിട്ടുണ്ട്.

ബുധനാഴ്ച ഉച്ചക്ക് 1.30 ഓടെയാണ് സംഭവം. കന്നാസില്‍ പെട്രോളുമായി എത്തിയ മുജീബ് റഹ്‌മാൻ ജീവനക്കാരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. വീടുവയ്ക്കാനുള്ള അപേക്ഷയുമായി പലതവണ പഞ്ചായത്ത് ഓഫീസ് കയറി ഇറങ്ങിയെന്നും എന്നാല്‍ അനുകൂല നടപടി ഉണ്ടായില്ലെന്നും ആരോപിച്ചാണ് പെട്രോള്‍ ഒഴിച്ച്‌ ഫയലിന് തീയിട്ടത്.

മുജീബ് ഫയലുകള്‍ക്ക് മുകളിലേക്ക് പെട്രോള്‍ ഒഴിച്ച്‌ തീയിടുകയായിരുന്നു. 10 കമ്ബ്യൂട്ടറുകളും നിരവധി ഫയലുകളും പ്രിന്ററും ഫര്‍ണിച്ചറുകളും കത്തിനശിച്ചു. ഉച്ചസമയമായതിനാല്‍ കൂടുതല്‍ ഉദ്യോഗസ്ഥരും ഭക്ഷണം കഴിക്കാനായി പോയിരിക്കുകയായിരുന്നു. മൂന്നു പേര്‍ മാത്രമാണ് ഓഫീസില്‍ ഉണ്ടായിരുന്നത്.

ഫയലുകള്‍ക്ക് തീപിടിച്ച്‌ പടര്‍ന്നതോടെ മുജീബ് റഹ്‌മാന്റെ കൈക്കും പൊള്ളലേറ്റു. ജീവനക്കാര്‍ ഇയാളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും മുജീബ് വഴങ്ങിയില്ല. തീയിട്ടതിന് പിന്നാലെ ശുചിമുറിയില്‍ കയറാൻ ശ്രമിച്ച ഇയാളെ ജിവനക്കാര്‍ കീഴ്പ്പെടുത്തുകയായിരുന്നു. ഇയാളുടെ കൈക്ക് പരിക്കുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ചികിത്സ ലഭ്യമാക്കിയതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. ആക്രമണത്തിനു ശേഷം ഇയാള്‍ കൈഞരമ്പ് മുറിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചതായും വിവരമുണ്ട്. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീയണച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം