കൊടുങ്ങല്ലൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊടുങ്ങല്ലൂര്‍ ഉഴവത്തുകടവ് സ്വദേശിയും സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ ആഷിഫ്(41) ഭാര്യ അബീറ, മക്കളായ അസ്‌റ(14) അനൈനുനിസ്സ(7) എന്നിവരെയാണ് വീട്ടിലെ മുകള്‍നിലയിലെ മുറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വിഷവാതകം ശ്വസിച്ച് ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.രാവിലെ ഒമ്പത് മണിയായിട്ടും ഇവര്‍ മുറിയില്‍നിന്നും പുറത്തേക്ക് വരാതിരുന്നതോടെയാണ് താഴത്തെനിലയിലുണ്ടായിരുന്ന സഹോദരി മുകള്‍നിലയിലെത്തി പരിശോധിച്ചത്. എന്നാല്‍ ആഷിഫിന്റെ മുറിയുടെ വാതില്‍ അകത്തുനിന്ന് അടച്ചിട്ടനിലയിലായിരുന്നു.
തുടര്‍ന്ന് വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകടന്നതോടെയാണ് നാലുപേരെയും മുറിക്കുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. മുറിയില്‍ ഒരു പാത്രത്തില്‍ എന്തോ വാതകം പുകച്ചിരുന്നതായും കുടുംബാംഗങ്ങള്‍ പറഞ്ഞു.
വിഷവാതകം ശ്വസിച്ചാണ് നാലുപേരുടെയും മരണം സംഭവിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവം ആത്മഹത്യയാണെന്നും പോലീസ് കരുതുന്നു. വിഷവാതകം മുറിയില്‍നിന്ന് പുറത്തേക്ക് പോകാതിരിക്കാന്‍ ജനലുകളെല്ലാം അടച്ചിരുന്നു.
മുറിയിലെ വെന്റിലേറ്ററടക്കം ടാപ്പ് കൊണ്ട് അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ആഷിഫിന് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു. വിവരമറിഞ്ഞെത്തിയ കൊടുങ്ങല്ലൂര്‍ പോലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തിവരികയാണ്.