ഗവര്‍ണറെ പുറത്താക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ. ഭരണഘടനാ ലംഘനം, ചാന്‍സലര്‍ പദവിയില്‍ വീഴ്ച, ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളില്‍ വീഴ്ച ഇവയുണ്ടായാല്‍ ഗവര്‍ണറെ നീക്കാന്‍ സംസ്ഥാന നിയമസഭയ്ക്ക് അധികാരം നല്‍കണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്.
കേന്ദ്ര- സംസ്ഥാന ബന്ധങ്ങളില്‍ വരേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച റിട്ട. ജസ്റ്റിസ് മദന്‍ മോഹന്‍ പൂഞ്ചി കമ്മീഷനോടാണ് കേരളം ശുപാര്‍ശ നല്‍കിയിരിക്കുന്നത്. നിയമ സെക്രട്ടറിയുടെ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചു. ഈ ശുപാര്‍ശ കഴിഞ്ഞ മന്ത്രിസഭാ യോഗം പരിഗണിച്ചിരുന്നതാണ്.
ഗവര്‍ണറെ പദവിയില്‍നിന്നു തിരിച്ചുവിളിക്കാനുള്ള അവസരം ഉണ്ടാകണം. ഗവര്‍ണറുടെ നിയമനം സര്‍ക്കാരുമായി ആലോചിക്കണം. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്നും സംസ്ഥാനം നിർദേശിക്കുന്നു. നിലവില്‍ ഗവര്‍ണറുമായി തുറന്ന പോര് തുടരുന്നതിനിടെയാണ് ഈ ശുപാര്‍ശയെന്നത് ശ്രദ്ധേയമാണ്.
( Kerala has asked the Union Government to authorize the removal of the Governor )