ആലപ്പുഴ കുമാരപുരത്ത് ബിജെപി പ്രവർത്തകൻ കുത്തേറ്റു മരിച്ചു. വാര്യംകോട് സ്വദേശി ശരത് ചന്ദ്രനാണ് മരിച്ചത്. ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് വിവരം. ലഹരിമരുന്ന് സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
ആലപ്പുഴ ജില്ലയിൽ ലഹരി മാഫിയ സംഘങ്ങൾ തുടർച്ചയായി പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണെന്ന് നേരത്തെ തന്നെ പരാതികളുയർന്നിരുന്നു. അതിൽ ഒടുവിലത്തേതാണ് ഈ സംഭവം. ഇന്നലെ രാത്രി പന്ത്രണ്ടരയോട് കൂടിയായിരുന്നു കൊലപാതകം. നന്ദു പ്രകാശ് എന്നയാളുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
മാവേലിക്കരയിലും കഴിഞ്ഞ ദിവസങ്ങളിൽ സമാന സംഭവങ്ങൾ ഉണ്ടായിരുന്നു. രണ്ടു യുവാക്കളെ ലഹരി മരുന്ന് സംഘം കുത്തിപ്പരിക്കേൽപ്പിച്ചിരുന്നു.
( BJP Wroker Stabbed in Harippad Alappuzha )