തകർന്ന് തരിപ്പണമായി കാൽനടക്കാര്‍ക്കും വാഹനങ്ങൾക്കും സഞ്ചരിക്കാൻ കഴിയാത്ത രൂപത്തിലായ പോസ്റ്റ് ഓഫീസ് ഹെൽത്ത് സെന്റർ റോഡ് 2019 ൽ വിടി.ബൽറാം പാച്ച് വർക്ക് നടത്തുന്നതിന് ഫണ്ട് അനുവദിക്കുകയും ടെൻണ്ടർ നടപടികളും എല്ലാവിധ പേപ്പര്‍ വർക്കുകളും കഴിഞ്ഞിട്ടുള്ളതുമാണ്. എന്നാൽ റോഡ് പണി ഇതുവരെ തുടങ്ങിയിട്ടില്ല. 2021 ഡിസംബർ 15ന് വർക്ക് കഴിയുമെന്ന് എഞ്ചിനീയർ നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നെങ്കിലും 2022 ഫെബ്രുവരി 12 ആയിട്ടും പണിതുടങ്ങിയിട്ടില്ല.
കോൺട്രാക്ടറും ഉദ്യോഗസ്ഥരും തമ്മിലുള്ള ഗൂഡാലോചനയും ഒത്തുകളിയുമാണ് ഇതിന് പിന്നിൽ എന്ന് ജനകീയ കൂട്ടായ്മ ആരോപിച്ചു. കുമ്പിടി,പടിഞാറങ്ങാടി എന്നീ ഭാഗങ്ങളിൽ നിന്ന് കുന്നംകുളം, തൃശൂർ എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജടക്കമുള്ള ആശുപത്രികളിലേക്കും ടൗണുകളിലേക്കും എളുപ്പത്തിൽ എത്താവുന്ന പ്രധാന വഴിയാണ് ഇത്.
ചാലിശ്ശേരി സർക്കാർ ആശുപത്രി, പഞ്ചയത്ത് ഓഫീസ്, കൃഷിഭവൻ, കെഎസ്ഇബി ഓഫീസ്, കമ്മ്യൂണിറ്റി ഹാൾ, സ്റ്റേറ്റ്ബാങ്ക് , പോലീസ് സ്റ്റേഷൻ, സർക്കാർ ഹയർസെക്കണ്ടറി സ്കൂൾ, മുലയംപറമ്പത്ത് ക്ഷേത്രം, ചാലിശ്ശേരി, പട്ടിശ്ശേരി ജുമാമസ്ജിദുകളും തുടങ്ങി ആരാധനാലയങ്ങളിലേക്കും പോകാൻ ജനങ്ങൾ ദിനവും ഉപയോഗിക്കുന്ന പ്രധാന പാതയായിട്ട് പോലും വേഗത്തിൽ പണി തുടങ്ങാൻ അധികാരികൾ തയ്യാറായിട്ടില്ല എന്നത് പ്രതിഷേധാർഹമാണ്. വളരെ വേഗത്തിൽ ഇടപെട്ട് ഇതിന് പരിഹാരം കാണണമെന്ന് ജനകീയ കമ്മിറ്റി ആവശ്യപ്പെട്ടു.
പ്രതിഷേധ പരിപാടി സിപി. അയ്യൂബ് പട്ടിശ്ശേരി ഉദ്ഘാടനം ചെയ്തു. കെവി റിയാസ്, മുഹമ്മദ് നാഹിർ, യൂസഫ്, നിഷാദ് ടികെ, ഷെഫീക്ക് ,മുർഷിദ് ഒഎം, ബഷീർ എംഎ , അഫ്സൽ സിപി, തുടങ്ങിയവർ സംസരിച്ചു. കൂടുതൽ പ്രക്ഷോഭ പരിപാടികൾ മാർച്ച് 3ന് ഭരണശിലാ കേന്ദ്രത്തിലേക്ക് നടത്തുമെന്ന് പട്ടിശ്ശേരി ജനകീയ മുന്നണി അറിയിച്ചു.