33 മണിക്കൂറിലധികമായി ഒരു തുള്ളിവെള്ളം പോലും കുടിക്കാൻ ലഭിക്കാതെ മലയിടുക്കിൽ ബാബു, ഇതുവരെയുള്ള രക്ഷാ പ്രവർത്തനങ്ങൾ വിഫലം, കേരളം കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടി


മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ കേരളം കരസേനയുടെയും വ്യോമസേനയുടെയും സഹായം തേടി. ബാംഗ്ലൂരില്‍ നിന്ന് പാരാ റെജിമെന്റൽ സെന്ററിൽ നിന്നുള്ള കമാണ്ടോകള്‍ ഉടൻ പുറപ്പെടും. അവരെ വ്യോമസേനയുടെ AN 32 വിമാനത്തിൽ സുലൂരില്‍ എത്തിക്കും. അവിടെ നിന്ന് റോഡ് മാര്‍ഗം മലമ്പുഴയിലെത്തും.

കരസേനയുടെ മദ്രാസ് റെജിമെന്റിൽ നിന്നുള്ള 7 പേരടങ്ങുന്ന മറ്റൊരു യൂണിറ്റ് ഊട്ടി വെല്ലിംഗ്ടണിൽ നിന്ന് വൈകിട്ട് 7. 30ന് മലമ്പുഴയിലേക്ക് പുറപ്പെടും. ഇന്ന് രാത്രിയോടെ യുവാവിനെ രക്ഷപ്പെടുത്താൻ സാധിച്ചില്ലെങ്കിൽ നാളെ പകൽ വ്യോമസേനയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എവറസ്റ്റ് കൊടുമുടി കീഴടക്കിയവർ ഉൾപ്പെടെയുള്ള സംഘമാണ് സംഭവസ്ഥലത്തേക്ക് തിരിക്കുന്നതെന്നും കരസേനയുടെ ദക്ഷിൺ ഭാരത് GOC ലെഫ്റ്റനന്റ് ജനറൽ എ. അരുണിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

33 മണിക്കൂറിലധികമായി മലയിടുക്കിൽ ഇരിക്കുന്ന ബാബുവിന് ഒരു തുള്ളിവെള്ളം പോലും നൽകാൻ കഴിഞ്ഞിട്ടില്ല എന്നത് കേരളത്തിലെ റെസ്ക്യൂ വിഭാഗത്തിന്റെ പരാജയമാണെന്ന് ജനങ്ങൾ പറയുന്നു. ഒരു വിമാനമോ ഹെലികോപ്റ്ററോ ഇത്തരത്തിൽ അവിടെ അപകടത്തിൽ പെടുകയാണെങ്കിൽ ആരെയെങ്കിലും രക്ഷിക്കാൻ പറ്റുമോ എന്നും ജനങ്ങൾ ചോദിക്കുന്നു.

ബാബുവും സുഹൃത്തുക്കളായ മൂന്നു പേരും ചേര്‍ന്നാണു ഇന്നലെ ഉച്ചയ്ക്കു മല കയറിയത്. ഇറങ്ങുന്നതിനിടെ അവശനായ ബാബു കാല്‍ വഴുതി വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ മരത്തിന്റെ വള്ളികളും വടിയും ഇട്ടു നല്‍കിയെങ്കിലും  മുകളിലേക്കു കയറാനായില്ല. സുഹൃത്തുക്കള്‍ മലയിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാത്രി 12ന് അഗ്‌നിരക്ഷാ സേനയും മലമ്പുഴ പൊലീസും ബാബുവിനു സമീപം എത്തിയെങ്കിലും വെളിച്ചക്കുറവു മൂലം രക്ഷാപ്രവര്‍ത്തനം പുലര്‍ച്ചെ മാത്രമേ ആരംഭിക്കാനാകൂ എന്നതിനാല്‍ സംഘം അവിടെ ക്യാമ്പ് ചെയ്തു.

ഇന്ന് പകൽ യുവാവിനെ രക്ഷപ്പെടുത്താന്‍ എത്തിയ ഹെലികോപ്റ്ററിന് ഇറങ്ങാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടുവെണ്ടെന്നും അതിനാലാണ് അവിടെ നിന്നും തിരികെ പോരേണ്ടതായി വന്നതെന്നും കോസ്റ്റ്ഗാര്‍ഡ് വ്യക്തമാക്കി. ഹെലികോപ്റ്ററിന് വായുവില്‍ നിലയുറപ്പിക്കാനുള്ള സാഹചര്യം ലഭ്യമായാല്‍ മാത്രമേ രക്ഷപ്രവര്‍ത്തനം ഫലകാണുകയുള്ളൂ. അതേസമയം മോശം കാലാവസ്ഥയും ഇരുട്ടാകുന്നതും രക്ഷപ്രവര്‍ത്തനത്തിന് കോട്ടം സൃഷ്ടിക്കുകയാണെന്നും കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.

ചെങ്കുത്തായ കൂർമ്പാച്ചി മലയിലാണ് യുവാവ് കുടുങ്ങിയത്. യുവാവിനെ ഹെലികോപ്ടർ ഉപയോഗിച്ച് താഴെയിറക്കാൻ നീക്കം നടത്തിയെങ്കിലും ഫലം കണ്ടില്ല. കോസ്റ്റ് ഗാർഡിൻ്റെ ഹെലികോപ്റ്റർ ബാബു ഇരിക്കുന്ന മലയിലേക്ക് എത്തിയെങ്കിലും ശക്തമായ കാറ്റ് മൂലം ബാബുവിനരികിലേക്ക് അരികിലേക്ക് എത്താനോ നിയന്ത്രിച്ചുനിർത്താനോ സാധിച്ചില്ല. ഭക്ഷണവും വെള്ളവും നൽകാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം