പട്ടാമ്പി പുതിയ പാലം; സ്ഥലമേറ്റെടുപ്പ് നടപടി ആരംഭിച്ചു, പട്ടാമ്പി-കുളപ്പുള്ളി റോഡ് നിർമ്മാണവും ഉടൻ

ഭാരതപ്പുഴയ്‌ക്ക് കുറുകെ പട്ടാമ്പിയിൽ പുതിയ പാലം നിർമിക്കുന്നതിനായുള്ള സ്ഥലമേറ്റെടുക്കൽ നടപടി തുടങ്ങി. പട്ടാമ്പി മണ്ഡലത്തിൽ കിഫ്ബിയുടെ നേതൃത്വത്തിൽ നിർമാണം നടക്കുന്ന റോഡുകൾ, പാലം എന്നിവയുടെ പ്രവർത്തനം ഉടൻ ആരംഭിക്കുന്നതിനായി മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇക്കാര്യമറിയിച്ചത്.

പുതിയ പാലത്തിന്റെ രൂപരേഖ വരയ്‌ക്കൽ പൂർത്തിയായതായും നിർമാണ പ്രവർത്തനത്തിന് ആവശ്യമായിവരുന്ന സ്ഥലം ഏറ്റെടുക്കുന്നതിന്‌ ആദ്യഘട്ടമായി മൂന്നുകോടി രൂപ ലഭിച്ചതായും എം.എൽ.എ. പറഞ്ഞു. സ്ഥലമേറ്റെടുക്കാനുള്ള നടപടി ആരംഭിച്ചതായി പൊതുമരാമത്ത് വിഭാഗം പാലം വിഭാഗം എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.

കിഫ്ബിയുടെ നേതൃത്വത്തിൽ നിർമാണം നടക്കുന്ന പട്ടാമ്പി നിള ആശുപത്രി മുതൽ കുളപ്പുള്ളി വരെയുള്ള റോഡിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുന്നതിന് വിവിധ വകുപ്പുകളിലെ സാങ്കേതിക പ്രശ്‌നങ്ങൾ തീർത്ത് ഫയലുകൾ വേഗത്തിലാക്കുന്നതിനുള്ള ഇടപെടൽ നടത്താനും യോഗം തീരുമാനിച്ചു. പട്ടാമ്പിമുതൽ തൃത്താല കൊപ്പം വരെയുള്ള റോഡ് ഗതാഗതം മെച്ചപ്പെടുത്തുന്നതിനായി 35 കോടി രൂപയുടെ പദ്ധതി, നിർവഹണ ഏജൻസിയായ കെ.ആർ.എഫ്.ബി. കിഫ്ബിക്ക് സമർപ്പിച്ചു. നേരത്തേയുണ്ടായിരുന്ന ഡിസൈൻ പ്രശ്‌നങ്ങൾ പരിഹരിച്ചാണ് പുതിയ വിശദ പദ്ധതിരേഖ സമർപ്പിച്ചിട്ടുള്ളതെന്നും യോഗത്തിൽ അധികൃതർ പറഞ്ഞു.

ജലജീവൻമിഷന്റെ നേതൃത്വത്തിൽ പദ്ധതി പ്രദേശത്തുകൂടി കടന്നുപോകുന്ന പൈപ്പ് ലൈനുകൾ മാറ്റിസ്ഥാപിക്കാനുള്ള നടപടി തുടങ്ങിയതായും എം.എൽ.എ. അറിയിച്ചു. കിഫ്ബിയുടെ നേതൃത്വത്തിൽ നിർമിക്കുന്ന പുതിയ നഗരസഭാ കെട്ടിടത്തിന്റെ വിശദ പദ്ധതിരേഖ പൂർത്തിയായിട്ടുണ്ട്. നഗരസഭാസമ്മേളന ഹാളിൽ ചേർന്ന യോഗത്തിൽ നഗരസഭാധ്യക്ഷ ഒ. ലക്ഷ്മിക്കുട്ടി, ഉപാധ്യക്ഷൻ ടി.പി. ഷാജി, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ എൻ. രാജൻ, പി.കെ. കവിത, നഗരസഭാ ആസൂത്രണ കോ-ഓർഡിനേറ്റർ കെ.പി. അജയൻ, വിവിധ വകുപ്പധികൃതർ എന്നിവർ പങ്കെടുത്തു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം