സ്വന്തന്ത്ര്യ സമര സേനാനി ആനക്കര വടക്കത്ത് തറവാട്ടിലെ ജി സുശീലമ്മ അന്തരിച്ചു

 


സ്വാതന്ത്ര്യ സമര സേനാനിയും പ്രശസ്തമായ ആനക്കര വടക്കത്ത് തറവാട്ടിലെ അംഗവുമായ ജി. സുശീലമ്മ (100) അന്തരിച്ചു.

വര്‍ഷങ്ങളായി വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. ഇന്ന് വൈകീട്ട്  ആറരയോടെയായിരുന്നു  അന്ത്യം. ആനക്കര വടക്കത്ത് തറവാട്ടില്‍ നിന്ന് ഇന്ത്യയുടെ വിമോചനത്തിനായി പോരാടിയ പോരാളികളില്‍ പ്രമുഖയാണ് ആനക്കര വടക്കത്ത് സുശീലമ്മ.

സ്വാതന്ത്ര സമര പോരാട്ടങ്ങളുടെ അവസാന കണ്ണിയും യാത്രയാകുമ്പോൾ മൂകസാക്ഷിയായി നിൽക്കുകയാണ് നൂറ്റി ഇരുപത് വര്‍ഷം പിന്നിടുന്ന ആനക്കര വടക്കത്ത് തറവാട്.

ചെറിയമ്മയായിരുന്ന അമ്മു സ്വാമിനാഥനും എ വി കുട്ടിമാളു അമ്മയും അച്ഛൻ എ വി ഗോപാലമേനോൻ തുടങ്ങിയവർ സ്വാതന്ത്ര്യ പ്രസ്ഥാനത്തിൻ്റെ സമരാവേശം ചെറിയ പ്രായത്തിൽത്തന്നെ സുശീലമ്മയിലേക്ക് പകർന്നു നൽകി. മദിരാശിയിൽ വിദ്യാർത്ഥിനിയായിരിക്കേ 1942-43 ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൻ്റെ ഭാഗമായി സെക്രട്ടേറിയറ്റ് പിക്കറ്റിംഗിൽ പങ്കെടുക്കുകയും അതിൻ്റെ ഭാഗമായി നാല് മാസത്തോളം ജയിൽവാസമനുഷ്ഠിക്കുകയും ചെയ്തിരുന്നു. പിന്നീട് നാട്ടിൽ തിരിച്ചു വന്ന് സാമൂഹിക, സാന്ത്വന പ്രവർത്തനങ്ങളിലും സ്ത്രീകൾക്കായുള്ള തൊഴിൽ പരിശീലന പരിപാടികളിലും വ്യാപൃതയായി.

സുശീലമ്മയുടെ വിയോഗത്തിൽ സ്പീക്കർ ശ്രീ.എം ബി രാജേഷ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. സ്വാതന്ത്ര്യ സമരത്തിലെ ധീരവനിതകളിലൊരാൾ കൂടി നഷ്ടമായെന്നും തൃത്താലയിൽ സ്പീക്കർ  തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയപ്പോൾ ആനക്കര വടക്കത്ത് തറവാട്ടിലെത്തിയിരുന്നതും സ്പീക്കർ അനുസ്മരിച്ചു. അവരുടെ കുടുംബാംഗങ്ങളുടേയും, ജനങ്ങളുടെയും  ദുഃഖത്തിൽ പങ്കുചേരുന്നതായും പറഞ്ഞു.

മുൻ.എം.എൽ.എ വി ടി ബൽറാം സുശീലമ്മയുടെ വിയോഗത്തിൽ അനുശോചിച്ചു. രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനും നന്മയുള്ള ഒരു സമൂഹത്തിനും വേണ്ടി സ്വന്തം ജീവിതം സമർപ്പിച്ച ആ മഹതിക്ക് ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ അർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം