പണം ലഭിച്ചെന്ന് വ്യാജപ്രചാരണം; എസ്എംഎ ബാധിതരായ കുരുന്നുകള്‍ക്കുള്ള ധനസഹായം കുറഞ്ഞു

കോഴിക്കോട് എസ്എംഎ ബാധിതരായ കുട്ടികളുടെ സാഹായവുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടക്കുന്നതായി പരാതി. ചികിത്സയ്ക്കാവശ്യമായ 50 കോടി ലഭിച്ചെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ പ്രചരണം നടക്കുന്നത്. പണം വരുന്നത് കുറയാന്‍ ഈ വ്യാജപ്രചാരണം കാരണമായെന്നും ഭാരവാഹികള്‍ പറഞ്ഞു. നിലവില്‍ 16 കോടി 30 ലക്ഷം രൂപ മാത്രമാണ് ലഭിച്ചത്. ഇനിയും 34 കോടി ആവശ്യമാണെന്നും ഭാരവാഹികള്‍ അറിയിച്ചു.

കോഴിക്കോട് ഓമശ്ശേരി സ്വദേശികളായ ഒന്നര വയസുള്ള മൂന്ന് കുട്ടികളാണ് എസ്എംഎ ബാധിച്ച് ചികിത്സാ സഹായം തേടുന്നത്. വ്യാജ പ്രചാരണം ശക്തമായതോടെ കുട്ടികളുടെ ചികിത്സാ നിധിയിലേക്ക് ആളുകൾ നൽകിയിരുന്ന സഹായത്തിന്റെ ഒഴുക്ക് കുറഞ്ഞതായും ഇത് കുഞ്ഞുങ്ങളുടെ തുടർ ചികിത്സയെ ബാധിക്കുന്നതായും ബന്ധുക്കളും സഹായസമിതി അംഗങ്ങളും ചൂണ്ടിക്കാട്ടുന്നു. കാമ്പയിന് മികച്ച പിന്തുണ ലഭിച്ചുവരുന്നതിനിടെയാണ് 50 കോടി രൂപ ലഭിച്ചെന്ന വ്യാജ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

അടിസ്ഥാനരഹിതമായ ഇത്തരം സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കരുതെന്ന് സഹായ സമിതി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഫണ്ട് സമാഹരണത്തെ തകർക്കാൻ ബോധപൂർവ്വം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സൈബർ പൊലീസിൽ ഔദ്യോഗികമായി പരാതി നൽകുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. കുട്ടികളുടെ ജീവൻ രക്ഷിക്കാനായുള്ള കാമ്പയിനുമായി മുന്നോട്ടുപോകുമെന്നും എല്ലാവരുടെയും സഹകരണം തുടരണമെന്നും സമിതി കൂട്ടിച്ചേർത്തു.

നമ്മുടെ സുഷുമ്നയിലും തലച്ചോറിലുമുള്ള പേശികളുടെ ചലനങ്ങൾ നിയന്ത്രിക്കുന്ന നാഡികളും അവയുടെ ന്യൂക്ലിയസുകളും ക്രമേണ നശിച്ചുപോകുന്ന രോഗമാണിത്. കൈകാലുകളിലെയും കഴുത്തിലെയും പേശികളെ ബാധിക്കുന്നതുകൊണ്ട് കുട്ടികളിൽ വളർച്ചയുടെ നാഴികക്കല്ലുകൾ വൈകുന്നതാണ് ആദ്യ ലക്ഷണം. ക്രമേണ ശ്വാസകോശത്തെയും അന്നനാളത്തെയും നിയന്ത്രിക്കുന്ന പേശികൾകൂടി തളരുന്നതോടെ ജീവൻരക്ഷാ ഉപകരണങ്ങൾ വഴി മാത്രം ജീവൻ നിലനിർത്താൻ സാധിക്കുന്ന ഘട്ടമെത്തും. രോഗതീവ്രത അനുസരിച്ച് രോഗിയിൽ മരണ സാധ്യതയും വർധിക്കുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം