
ആറങ്ങോട്ടുകര: ഓട്ടോറിക്ഷയും ഇന്നോവ കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് പരിക്കേറ്റു. പട്ടാമ്പി സ്വദേശി നാരായണൻ (66) ആണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി 8.30 ഓടെ ആറങ്ങോട്ടുകര കോ-ഓപ്പറേറ്റീവ് ബാങ്കിന് മുന്നിലായിരുന്നു അപകടം.
പട്ടാമ്പി ഭാഗത്തുനിന്ന് ദേശമംഗലം ഭാഗത്തേക്ക് വരികയായിരുന്ന നാരായണന്റെ സ്വന്തം ഓട്ടോറിക്ഷയും ദേശമംഗലം ഭാഗത്തുനിന്ന് കുന്നംകുളത്തേക്ക് പോകുകയായിരുന്ന ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്. ദേശമംഗലം കടകശ്ശേരിയിലുള്ള മകൾ രമ്യയുടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് നാരായണൻ അപകടത്തിൽപ്പെട്ടത്. ഓട്ടോയിൽ നാരായണൻ മാത്രമാണ് ഉണ്ടായിരുന്നത്. നിസ്സാര പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങി.
കുന്നംകുളം മരത്തംകോട് സ്വദേശികളായ മൂന്ന് യുവാക്കളാണ് ഇന്നോവ കാറിലുണ്ടായിരുന്നത്. ദേശമംഗലത്തുള്ള സുഹൃത്തിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചാലിശ്ശേരി പോലീസ് യുവാക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് ഇവരെ കസ്റ്റഡിയിലെടുത്തു. അപകടത്തിൽ ഇരു വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സംഭവമറിഞ്ഞ് നൂറുകണക്കിന് ആളുകൾ സ്ഥലത്ത് തടിച്ചുകൂടി.