
കൂടല്ലൂർ: ഗ്രാമത്തിലെ ചുവന്ന മൺപാതകളിലൂടെ ദിവസവും അഞ്ച് നാഴിക നടന്ന് വിദ്യാലയത്തിലെത്തിയ ബാല്യത്തിൽനിന്ന് ദേശീയ സാഹിത്യ അംഗീകാരത്തിന്റെ നിറവിലേക്ക്. കൂടല്ലൂരിന്റെ അക്ഷരലോകത്തിന് അഭിമാനമായി എഴുത്തുകാരൻ എം.ടി. രവീന്ദ്രന് ഡോ. അംബേദ്കർ പുരസ്കാരം. ഡിസംബർ 12, 13 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന അന്തർദേശീയ ദളിത് സാഹിത്യ സമ്മേളനത്തിൽ വെച്ച് പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
1944 ജൂൺ അഞ്ചിന് കൂടല്ലൂർ മാടത്ത് മുക്കിങ്ങൾ തെക്കെപ്പൊട്ടിൽ അച്യുതൻ നായരുടെയും കുഞ്ചുക്കുട്ടിയമ്മയുടെയും മകനായാണ് എം.ടി. രവീന്ദ്രന്റെ ജനനം. മലമക്കാവ് ഗവ. എൽ.പി. സ്കൂൾ, മലമക്കാവ് എ.യു.പി. സ്കൂൾ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം തൃത്താല ഹൈസ്കൂളിൽ ചേർന്നു. അക്കാലത്ത് കൂടല്ലൂരിൽനിന്ന് തൃത്താലയിലേക്ക് ബസ് സർവീസുണ്ടായിരുന്നില്ല. ദിവസവും രാവിലെ അഞ്ച് നാഴിക നടന്ന് സ്കൂളിലെത്തുകയും വൈകിട്ട് അത്രയും ദൂരം തിരിച്ചുനടക്കുകയും ചെയ്താണ് പഠനം തുടർന്നത്. യാത്രാസൗകര്യങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പരിമിതമായിരുന്ന കാലത്ത് പഠനത്തോടൊപ്പം വായനയെയും ചേർത്തുപിടിച്ച ആ ബാല്യമാണ് പിന്നീട് എഴുത്തിന്റെ ലോകത്തേക്കുള്ള വഴിതുറന്നത്.
ചെറുപ്പംമുതൽ അക്ഷരങ്ങളോട് വലിയ ആഭിമുഖ്യമുണ്ടായിരുന്ന രവീന്ദ്രൻ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയിലൂടെയാണ് എഴുത്തിന് തുടക്കമിട്ടത്. കൗമാരകാലത്ത് കവിതകളെഴുതിയ അദ്ദേഹം ബാലപംക്തി സംഘടിപ്പിച്ച കഥാമത്സരത്തിൽ സമ്മാനവും നേടി. സമ്മാനമായി ലഭിച്ച പുസ്തകങ്ങൾ വായനയുടെ ലോകത്തെ കൂടുതൽ വിശാലമാക്കി. കഥ പ്രസിദ്ധീകരിക്കുന്നതിനായി ഫോട്ടോ ആവശ്യപ്പെട്ടപ്പോൾ ഗ്രാമത്തിൽ സ്റ്റുഡിയോ പോലുമില്ലാതിരുന്ന കാലത്തിന്റെ പരിമിതികളും അദ്ദേഹത്തിന്റെ എഴുത്തുജീവിതത്തിലെ അനുഭവങ്ങളിലുണ്ട്. പിന്നീട് ചന്ദ്രിക ആഴ്ചപ്പതിപ്പിൽ പി.എ. മുഹമ്മദ് കോയ പത്രാധിപരായിരുന്ന കാലത്ത് മുതിർന്നവരുടെ പംക്തിയിലും കഥകളും നോവലുകളും പ്രസിദ്ധീകരിച്ചുതുടങ്ങി.
എൻ.വി. കൃഷ്ണവാരിയർ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായിരുന്ന കാലത്തും വി.ആർ. ഗോവിന്ദനുണ്ണി സഹപത്രാധിപരായിരുന്ന സമയത്തും അദ്ദേഹത്തിന്റെ കഥകൾ മാതൃഭൂമിയിൽ ഇടംപിടിച്ചു. സിദ്ധാർത്ഥൻ പരുത്തിക്കാട് പത്രാധിപരായിരുന്ന കാലത്ത് ദേശാഭിമാനി വാരികയിലും രചനകൾ പ്രസിദ്ധീകരിച്ചു. കുങ്കുമം, കലാകൗമുദി, കഥ തുടങ്ങിയ ആനുകാലികങ്ങളിലും കഥകളും ലേഖനങ്ങളും എഴുതി. പൂമ്പാറ്റ, ബാലരമ, ബാലഭൂമി, കളിക്കുടുക്ക തുടങ്ങിയ ബാലപ്രസിദ്ധീകരണങ്ങളിലും കുടുംബമാധ്യമം, വാരാന്തമാധ്യമം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും ബാലകവിതകൾ ഉൾപ്പെടെയുള്ള രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പുരസ്കാരങ്ങളേക്കാൾ വലുത് വായനക്കാർ തന്റെ രചനകൾ വായിക്കുകയും അവ ഹൃദയത്തോട് ചേർത്തുവെക്കുകയും ചെയ്യുന്നതാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. പ്രശസ്ത പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന എം.ടി. വേണുവിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ചേർന്ന് ഏർപ്പെടുത്തിയ 2022-ലെ എം.ടി. വേണു സ്മാരക സാഹിത്യ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. നീണ്ടകാലത്തെ എഴുത്തുജീവിതത്തിനിടയിൽ ലഭിച്ച പുതിയ ദേശീയ അംഗീകാരം കൂടല്ലൂരിന്റെ സാഹിത്യ പാരമ്പര്യത്തിനും അഭിമാനമായി മാറുകയാണ്.