മുൻ പഞ്ചായത്ത് പ്രസിഡന്റിനെ വീണ്ടും അധികാരത്തിൽ കൊണ്ടുവരാനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ പ്രാദേശിക മുസ്‌ലിം ലീഗ് നേതൃത്വം ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് ഭരണസമിതിയിലെ പ്രതിസന്ധി രൂക്ഷമായത്. മുൻ പ്രസിഡന്റിനെ പുനഃസ്ഥാപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അംഗീകരിക്കാനാവില്ലെന്നും പകരം മറ്റ് അംഗങ്ങളെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കണമെന്നുമാണ് മുസ്‌ലിം ലീഗിന്റെ നിലപാട്. ഇക്കാര്യത്തിൽ കോൺഗ്രസും ലീഗും തമ്മിൽ നടത്തിയ ചർച്ചകൾ ഫലം കാണാതെ പോയതോടെ ധാരണയിലെത്താനായിരുന്നില്ല.
പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരുപാർട്ടികളും നിലപാടിൽ ഉറച്ചുനിന്നതോടെ പഞ്ചായത്തിലെ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണമായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നാളേക്ക് മാറ്റിയ സാഹചര്യത്തിൽ അതിനുമുമ്പ് കോൺഗ്രസ്–മുസ്‌ലിം ലീഗ് നേതൃത്വങ്ങൾ തമ്മിൽ ധാരണയിലെത്തുമോയെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. വീണ്ടും സമവായമുണ്ടായില്ലെങ്കിൽ നാളെയും പ്രസിഡന്റ് തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിലാകാനുള്ള സാധ്യതയുണ്ട്.
