ചാലിശ്ശേരി മുലയംപറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന് തുടക്കമായി


കൂറ്റനാട്: ചാലിശ്ശേരി ശ്രീ മുലയംപറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന നവരാത്രി മഹോത്സവത്തിന് തുടക്കമായി. പ്രശസ്ത പിന്നണി ഗായകനും കേരള സംഗീത നാടക അക്കാദമി ചെയർമാനുമായ ജി. വേണുഗോപാൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു. ക്ഷേത്രസംരക്ഷണ സമിതി ജനറൽ സെക്രട്ടറി കെ.വി. വരുൺ പ്രസാദ് സ്വാഗതം പറഞ്ഞു. മുഖ്യരക്ഷാധികാരി പൂമുള്ളി മന നാരായണൻ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു. 

ക്ഷേത്ര ഊരാളന്മാരായ വേങ്ങാട്ടൂർ മന നാരായണൻ നമ്പൂതിരി, തത്താണത്ത് നാരായണൻ നമ്പൂതിരി, കോട്ടൂർ മന നാരായണനുണ്ണി നമ്പൂതിരി, വെളിച്ചപ്പാട് നാരായണൻകുട്ടി, ആർ.എൽ.വി. നവ്യ അനിൽ, കെട്ടി വേലായുധൻ എന്നിവർ സംസാരിച്ചു. കെ.സി. കുഞ്ഞൻ നന്ദി പറഞ്ഞു. ചടങ്ങിൽ ജി. വേണുഗോപാലിനെ പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് പ്രശസ്ത സിനിമാ സംഗീത സംവിധായകൻ ഉണ്ണി നമ്പ്യാരും സംഘവും അവതരിപ്പിച്ച സംഗീതവിരുന്ന് അരങ്ങേറി. ഒക്ടോബർ 19ന് ദുർഗാഷ്ടമി ദിനത്തിൽ വൈകിട്ട് അഞ്ചിന് മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയുടെ അനുഗ്രഹസദസ്സ് നടക്കും. 

തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. ഒക്ടോബർ 20ന് മഹാനവമി ദിനത്തിൽ വൈകിട്ട് അഞ്ചുമുതൽ കുട്ടികളുടെ കലാപരിപാടികൾ നടക്കും. ഒക്ടോബർ 21ന് വിജയദശമി ദിനത്തിൽ രാവിലെ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും എഴുത്തിനിരുത്തൽ ചടങ്ങും നടക്കും. വൈകിട്ട് അഞ്ചിന് കുട്ടികളുടെ കലാപരിപാടികളും രാത്രി എട്ടിന് ഗുരുവായൂർ വിശ്വഭാരതിയുടെ കുറൂരമ്മ എന്ന നാടകവും അരങ്ങിലെത്തും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം