
കൂറ്റനാട്: തൃത്താല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി അംഗവുമായ കെ. പ്രസാദിനെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി സ്ഥലംമാറ്റിയതായി കെ.എസ്.ടി.എ പാലക്കാട് ജില്ലാ, തൃത്താല ഉപജില്ലാ കമ്മിറ്റികൾ ആരോപിച്ചു. ബുധനാഴ്ച രാത്രി പുറത്തിറക്കിയ പ്രത്യേക ഉത്തരവിലൂടെയാണ് സ്ഥലംമാറ്റം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് നേതാക്കൾ അറിയിച്ചു. ഓൺലൈൻ അപേക്ഷയും മുൻഗണനാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് സ്ഥലംമാറ്റം നടത്തിയതെന്നും അവർ ആരോപിച്ചു. സ്ഥലംമാറ്റം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.എ തൃത്താല ഉപജില്ലാ കമ്മിറ്റി കൂറ്റനാട് സെന്ററിൽ പ്രതിഷേധറാലിയും പൊതുയോഗവും സംഘടിപ്പിച്ചു.
സ്ഥലംമാറ്റ ഉത്തരവിൽ കെ. പ്രസാദിനെ പാലക്കാട് ജി.എച്ച്.എസ്.എസ്. ഇടക്കുന്നം സ്‌കൂളിലെ പ്രധാനാധ്യാപകനായി നിയമിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കെ.എസ്.ടി.എ നേതാക്കൾ അറിയിച്ചു. എന്നാൽ പാലക്കാട് ജില്ലയിൽ ഈ പേരിലുള്ള സ്‌കൂൾ ഇല്ലെന്നാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസിൽനിന്ന് ലഭിച്ച വിവരമെന്നും അവർ പറഞ്ഞു. കോട്ടയം ജില്ലയിൽ ഇടക്കുന്നം എന്ന സ്ഥലമുണ്ടെന്നും, ഉത്തരവിൽ സ്‌കൂളിന്റെ പേര് തെറ്റായി രേഖപ്പെടുത്തിയതാകാമെന്നുമാണ് അധ്യാപകർക്കിടയിലെ സംസാരമെന്നും നേതാക്കൾ അറിയിച്ചു. ഉത്തരവിലെ അപാകതകൾ തിരുത്തി വ്യക്തത വരുത്തണമെന്നും അവർ ആവശ്യപ്പെട്ടു.
പ്രതിഷേധയോഗം കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എ. അരുണ്‍കുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്തും സ്‌കൂളുകളുടെ ഭൗതിക വികസനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും കെ. പ്രസാദ് മികച്ച ഇടപെടൽ നടത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിലവിൽ ഇദ്ദേഹത്തിനെതിരെ യാതൊരു ആക്ഷേപവും ഇല്ലെന്നിരിക്കെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി സ്ഥലംമാറ്റം നടത്തിയതാണെന്നും അദ്ദേഹം ആരോപിച്ചു. ജില്ലാ സെക്രട്ടറി കെ. അജില അധ്യക്ഷയായി. ജില്ലാ ജോയിന്റ് സെക്രട്ടറി പി.പി. ഷാജു, സംസ്ഥാന നിർവാഹക സമിതി അംഗം മഹേഷ് കുമാർ, സബ് ജില്ലാ സെക്രട്ടറി ശ്രീജിത്ത്, എം. ഗീത എന്നിവർ സംസാരിച്ചു. സ്ഥലംമാറ്റം പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്ന് കെ.എസ്.ടി.എ നേതാക്കൾ അറിയിച്ചു.