പ്രകൃതി സംരക്ഷണ ദിനവും 'വിട പറയാം ലഹരിയോട്' ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു


കുന്നംകുളം: കേരള പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് കുന്നംകുളം ബധിര വിദ്യാലയത്തിൽ പ്രകൃതി സംരക്ഷണ ദിനാചരണവും "വിട പറയാം ലഹരിയോട്" ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കുന്നംകുളം അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ വി. സി. മധു നിർവഹിച്ചു. സംസ്ഥാന അഡ്മിനിസ്ട്രേറ്റർ പ്രദീപ് ചെറുവാശ്ശേരി അധ്യക്ഷത വഹിച്ചു.

ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചും കൗമാരക്കാരിൽ ലഹരി മാഫിയ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും വി. സി. മധു ബോധവത്കരണ ക്ലാസ് നയിച്ചു. തുടർന്ന് സ്റ്റേറ്റ് കോർഡിനേറ്റർ ഷാജി തോമസ് എൻ ചൊല്ലിക്കൊടുത്ത "വിട പറയാം ലഹരിയോട്" പ്രതിജ്ഞ വിദ്യാർത്ഥികളും അധ്യാപകരും ഏറ്റുചൊല്ലി.

ലോക പ്രകൃതി സംരക്ഷണ ദിനത്തിന്റെ ഭാഗമായി വിദ്യാലയത്തിന് വൃക്ഷത്തൈ പ്രധാനാധ്യാപിക ഡോ. ജെ. ആർ. സിതാരയും സ്കൂൾ ലീഡറും ചേർന്ന് ഏറ്റുവാങ്ങി. ക്വിസ് മത്സര വിജയികൾക്ക് വൃക്ഷത്തൈകളും മെഡലുകളും വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ബ്രോഷർ കുന്നംകുളം ഏരിയ സെക്രട്ടറി ടി. എ. അഷ്റഫ് കൈമാറി. തൃശ്ശൂർ ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് കടവല്ലൂർ, കുന്നംകുളം മണ്ഡലം ട്രഷറർ മുഹമ്മദ് ഇസ്മായിൽ പാരീസ്ഇല്ലം എന്നിവർ പങ്കെടുത്തു.

അധ്യാപകരായ ഡോ. ജെ. ആർ. സിതാര, റീജ, വി. സി. മുജീബ് റഹ്മാൻ, എൽ. ജോൺ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജൂൺ 26 മുതൽ നവംബർ 1 കേരളപ്പിറവി ദിനം വരെ സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന "വിട പറയാം ലഹരിയോട് – കാത്തുസൂക്ഷിക്കാം നമ്മെ തന്നെ" ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി വിദ്യാർത്ഥികൾ ആവേശപൂർവം ഏറ്റെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം