തിരുവനന്തപുരം: ജന്തര്‍ മന്തര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസുകള്‍ പിന്‍വലിക്കാന്‍ പ്രതിപക്ഷനേതാവ് അടക്കം കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രിക്ക് ലഭിച്ച കത്തുകള്‍ തനിക്ക് കൈമാറി. കേസുകളുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് ഡിജിപിക്ക് നിര്‍ദേശം നല്‍കിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പുനര്‍ജനിയില്‍ മുഖ്യമന്ത്രിക്ക് ക്ലീന്‍ ചീറ്റ് നല്‍കിയത് നിയമപരമായി ഫയല്‍ പരിശോധിച്ചതിന് ശേഷമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ നടപടിയുമായി മുന്നോട്ടു പോകേണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നെങ്ങനെ താന്‍ കുറ്റക്കാരന്‍ ആക്കുമെന്നും രമേശ് ചെന്നിത്തല ചോദിച്ചു. പ്രതിപക്ഷം കോടതിയില്‍ പോകുന്നെങ്കില്‍ പൊക്കോട്ടെ എന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
വി ഡി സതീശനെതിരെ ഒരു തെളിവും വിജിലന്‍സ് നല്‍കിയിട്ടില്ല. ഞാന്‍ ആദ്യമായി അല്ല വിജിലന്‍സ് കൈകാര്യം ചെയ്യുന്നത്. മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെങ്കില്‍ ആഭ്യന്തരമന്ത്രി പോയി തെളിവ് ഉണ്ടാക്കണോ?', എന്നായിരുന്നു രമേശ് ചെന്നിത്തല പ്രതികരിച്ചത്.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ജയിലുകളില്‍ നടക്കുന്ന പരിശോധനയിലും മന്ത്രി പ്രതികരിച്ചു. ജയിലുകളില്‍ വ്യാപക ലഹരി വില്‍പനയും ഉപയോഗവും ഉണ്ടെന്ന പരാതിയെ തുടര്‍ന്നാണ് പരിശോധന. ഇന്ന് പുലര്‍ച്ചെ മുതല്‍ പരിശോധന നടന്നുകൊണ്ടിരിക്കുകയാണ്. ജയില്‍, പൊലീസ് സംയുക്ത പരിശോധനയാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
