അലിഫ് ടാലൻറ് ടെസ്റ്റും ഭാഷാ അനുസ്മരണവും സംഘടിപ്പിച്ചു


പട്ടാമ്പി: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) പട്ടാമ്പി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭാഷാ അനുസ്മരണവും അലിഫ് ടാലൻറ് ടെസ്റ്റും മുതുതല എ.യു.പി. സ്കൂളിൽ സംഘടിപ്പിച്ചു.

വിദ്യാർത്ഥികളിൽ ഭാഷാശേഷിയും പൊതുവിജ്ഞാനവും വളർത്തുകയും ഭാഷാപഠനത്തോടുള്ള താൽപര്യവും ആത്മവിശ്വാസവും വർധിപ്പിക്കുകയും സർഗാത്മക കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഒബ്ജക്റ്റീവ് മാതൃകയിലുള്ള അലിഫ് ടാലൻറ് ടെസ്റ്റ് സംഘടിപ്പിച്ചത്. പട്ടാമ്പി ഉപജില്ലയിലെ എൽ.പി., യു.പി., ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ പരീക്ഷയിൽ പങ്കെടുത്തു.

അലിഫ് വിംഗ് ചെയർമാൻ നൂർ മുഹമ്മദ് അധ്യക്ഷത വഹിച്ച ഭാഷാ അനുസ്മരണ സമ്മേളനം പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. പി. രാമദാസ് ഉദ്ഘാടനം ചെയ്തു. 1980-ൽ അറബി, ഉർദു, സംസ്കൃതം എന്നീ ഭാഷകളെ ഇല്ലായ്മ ചെയ്യാനുള്ള നീക്കത്തിനെതിരെ കേരളത്തിൽ ഉയർന്നുവന്ന ശക്തമായ ജനകീയ ഭാഷാസമരത്തിന്റെ ചരിത്രം അദ്ദേഹം അനുസ്മരിച്ചു. ഭാഷാസ്വാതന്ത്ര്യത്തിനും സാംസ്കാരിക പൈതൃക സംരക്ഷണത്തിനും ആ സമരം നൽകിയ വിലമതിക്കാനാവാത്ത സംഭാവന അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ എടുത്തുപറഞ്ഞു.

തുടർന്ന് തിരുവേഗപ്പുറ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. അബ്ദുൽ അസീസ് ഭാഷാ അനുസ്മരണ പ്രഭാഷണം നടത്തി. അറബി ഒരു ഭാഷ മാത്രമല്ലെന്നും സമ്പന്നമായ സംസ്കാരത്തിലേക്കും വിജ്ഞാനലോകത്തിലേക്കും ആധുനിക സാങ്കേതികവിദ്യയുടെ പുതിയ സാധ്യതകളിലേക്കും വഴിതുറക്കുന്ന ലോകഭാഷയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുതുതല ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷഹർബ, സ്കൂൾ മാനേജർ സതീഷ് കുമാർ, ഹെഡ്മാസ്റ്റർ ശ്രീഹരി, കെ.എ.ടി.എഫ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി. സൈതാലി, ജില്ലാ പ്രസിഡന്റ് വി. അബ്ദുറസാഖ്, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി ഇ. ടി. അബ്ദുസമദ്, സംസ്ഥാന വനിതാ കൗൺസിലർ റംല, ജില്ലാ കൗൺസിലർ ജസീറ, ജില്ലാ സെക്രട്ടറി മരക്കാർ അലി, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി അബ്ദുൽ ഖാദർ, നിസാർ അഹമ്മദ്, ശിഹാബുദ്ദീൻ തങ്ങൾ, ഇബ്രാഹിം ബാദുഷ, ഫൈസൽ ബാബു, നൗഷാദ്, എ. കെ. അലി, സുമയ്യ, എം. വി. ഫസൽ എന്നിവർ ആശംസകൾ അർപ്പിച്ചു. സൈതലവി കോയ തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. അലിഫ് കൺവീനർ ഫുആദ് സ്വാഗതം ആശംസിച്ചു. കെ.എ.ടി.എഫ് ജില്ലാ ട്രഷറർ മെഹബൂബ് നന്ദി രേഖപ്പെടുത്തി.

അലിഫ് ടാലൻറ് ടെസ്റ്റ് വിജയികൾ

എൽ.പി. വിഭാഗത്തിൽ എച്ച്.എ.എൽ.പി.എസ് എടപ്പലത്തെ നക്ഷ്മിയ പി. ഒന്നാം സ്ഥാനവും, എ.യു.പി.എസ് കാരമ്പത്തൂരിലെ ഇസാൻ ഈസ ഇ. ടി. രണ്ടാം സ്ഥാനവും, വി.വി.എ.യു.പി. സ്കൂൾ കാരക്കുത്തങ്ങാടിയിലെ ഫാത്തിമ നിഹ്മ എ. പി. മൂന്നാം സ്ഥാനവും നേടി. യു.പി. വിഭാഗത്തിൽ ജി.ജി.എച്ച്.എസ്.എസ് നടുവട്ടത്തെ ഫാത്തിമ അസ്നിൻ എ. പി. ഒന്നാം സ്ഥാനവും, എം.എം.പി.എസ് പ്രഭാപുരത്തെ ഇഫ്ര ഫെല്ല ഇ. രണ്ടാം സ്ഥാനവും, ബി.യു.പി.എസ് ചുണ്ടമ്പറ്റയിലെ ഫാത്തിമ ദിയ മൂന്നാം സ്ഥാനവും നേടി.

ഹൈസ്കൂൾ വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് ചുണ്ടമ്പറ്റയിലെ ഫാദിയ ഫാത്തിമ ഒന്നാം സ്ഥാനവും, പി.ടി.എം.വൈ.എച്ച്.എസ്.എസ് എടപ്പലത്തെ ആയിഷ നജീബ യു. രണ്ടാം സ്ഥാനവും, പരുതൂർ എച്ച്.എസ്.എസ് പള്ളിപ്പുറത്തെ ഫാത്തിമ അർഷിത സി. പി. മൂന്നാം സ്ഥാനവും നേടി. ഹയർസെക്കൻഡറി വിഭാഗത്തിൽ ജി.ജി.എച്ച്.എസ്.എസ് നടുവട്ടത്തെ ഫാത്തിമ ലിയ കെ. എം. ഒന്നാം സ്ഥാനവും, അതേ വിദ്യാലയത്തിലെ മർവ പി. രണ്ടാം സ്ഥാനവും, എം.എം.എച്ച്.എസ്.എസ് പ്രഭാപുരത്തെ ഫാത്തിമ നിദ മൂന്നാം സ്ഥാനവും നേടി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം