ഉദ്ഘാടനത്തിന് മുൻപേ തകർന്ന് അക്കിക്കാവ്–കറുകപുത്തൂർ പാത; കുടിവെള്ള പൈപ്പ് പൊട്ടൽ തുടർക്കഥ, യാത്രക്കാർ ഭീതിയിൽ


കൂറ്റനാട്: കോടികൾ ചെലവഴിച്ച് നവീകരിച്ചുകൊണ്ടിരിക്കുന്ന അക്കിക്കാവ്–കറുകപുത്തൂർ റോഡ് ഉദ്ഘാടനത്തിന് മുൻപേ തന്നെ തകർച്ചയിലായി. കുടിവെള്ള പൈപ്പുകൾ തുടർച്ചയായി പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നതിനെ തുടർന്ന് പുതിയ റോഡിൽ വലിയ കുഴികളും ചാലുകളും രൂപപ്പെട്ടിരിക്കുകയാണ്. പതിവായി രൂപപ്പെടുന്ന കുഴികൾ ഇരുചക്ര വാഹനയാത്രക്കാരുൾപ്പെടെയുള്ളവർക്ക് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്.

നബാർഡ് മുഖേന 13.6 കോടി രൂപ ചെലവിൽ 2023-ൽ ആരംഭിച്ച നവീകരണ പ്രവൃത്തി രണ്ടര വർഷം പിന്നിട്ടിട്ടും 70 ശതമാനം മാത്രമാണ് പൂർത്തിയായത്. ഒരു വർഷത്തിനുള്ളിൽ പണി തീർക്കുമെന്നായിരുന്നു കരാർ. കരാർ ഏറ്റെടുത്ത മലബാർ പ്ലസ് കമ്പനി നിർമാണത്തിൽ ഗുരുതരമായ അനാസ്ഥ കാട്ടുകയാണെന്ന് രാഷ്ട്രീയ കക്ഷികളും നാട്ടുകാരും ആരോപിക്കുന്നു.

ബി.എം.ബി.സി. മാതൃകയിൽ പൂർത്തിയാക്കിയ ഭാഗങ്ങളിൽ പോലും പൈപ്പുകൾ പൊട്ടി റോഡ് തകരുന്ന സ്ഥിതിയാണ്. കോതച്ചിറ, മൂളിപ്പറമ്പ്, പെരിങ്ങോട്, എ.കെ.ജി നഗർ, മതുപ്പുള്ളി, കല്ലുപാലം, നാട്ടുകൂട്ടം, കറുകപുത്തൂർ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം സമാന പ്രശ്നമാണ്. പൈപ്പ് അറ്റകുറ്റപ്പണിക്കായി റോഡ് കുഴിച്ചശേഷം കുഴികൾ യഥാസമയം നികത്താത്തതും അപകടസാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

റോഡ് നിർമ്മാണത്തിന് മുമ്പ് കുടിവെള്ള പൈപ്പുകൾ മാറ്റുന്നതിൽ ജല അതോറിറ്റിയും ജെ.ജെ.എം. പദ്ധതിയുടെ ഭാഗമായി പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിലുണ്ടായ കാലതാമസവും പ്രതിസന്ധിക്ക് കാരണമായെന്നാണ് ആക്ഷേപം. താത്കാലികമായി പൈപ്പുകൾ മാറ്റിയെങ്കിലും പുതിയ റോഡിന് അടിയിലൂടെയുള്ള ലൈനുകൾ പൂർണമായി മാറ്റാത്തതിനാലാണ് പൈപ്പുകൾ പതിവായി പൊട്ടുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.

വീടുകളിലെത്തേണ്ട ശുദ്ധജലം റോഡിലൂടെ ഒഴുകി പാടശേഖരങ്ങളിലേക്ക് എത്തുന്നതോടെ കാർഷികവിളകൾക്കും നാശമുണ്ടാകുന്നതായി കർഷകർ പരാതിപ്പെടുന്നു. കോടികൾ ചെലവഴിച്ചിട്ടും സുരക്ഷിതമായ റോഡും ശുദ്ധജല വിതരണവും ഇനിയും യാഥാർഥ്യമായിട്ടില്ലെന്നാണ് നാട്ടുകാരുടെ വിമർശനം.

അപകടസാധ്യത വർധിപ്പിക്കുന്ന രീതിയിലാണ് നിലവിലെ നിർമാണ പ്രവർത്തനങ്ങളെന്നും കരാർ വ്യവസ്ഥകൾ കമ്പനി പാലിക്കുന്നില്ലെന്നും രണ്ടര വർഷമായി ജനങ്ങൾ യാത്രാദുരിതം അനുഭവിക്കുകയാണെന്നും പ്രദേശവാസികൾ ആരോപിച്ചു. പരാതികൾ നൽകിയിട്ടും കരാർ കമ്പനി വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നും അവർ പറയുന്നു.

അതേസമയം, പൈപ്പ് പൊട്ടിയതും റോഡിലെ കോൺക്രീറ്റ് കുഴികളും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കേടുപാടുകൾ എത്രയും വേഗം പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്നും തൃത്താല ജല അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം