കുമരനല്ലൂർ: കപ്പൂർ പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ സമഗ്ര നെൽകൃഷി വികസന പദ്ധതിക്ക് തുടക്കമായി. 15 പാടശേഖരങ്ങളിലായി 300 ഹെക്ടർ കൃഷിഭൂമിയിൽ രണ്ടാംവിള നെൽകൃഷി ചെയ്യും. രണ്ടാംവിള നെൽകൃഷി ചെയ്യുന്ന എല്ലാ കർഷകർക്കും സൗജന്യമായി വിത്ത് നൽകി. ഉമ, പൊൻമണി വിത്തിനത്തിൽപ്പെട്ട 20 ടൺ നെൽവിത്താണ് നൽകിയത്.
ഇതിന് പുറമെ ഉഴവുകൂലിയും സബ്സിഡി നിരക്കിൽ കുമ്മായവും കർഷകർക്ക് നൽകും. നെൽകൃഷിക്ക് നാശം വരുത്തുന്ന കാട്ടുപന്നികളെ നിയന്ത്രിക്കാൻ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കാനും പഞ്ചായത്ത് നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. നെല്ലിതര കൃഷിക്ക് ജൈവവള സബ്സിഡി നേരത്തെ നൽകാനും നടപടി ആരംഭിച്ചു.
സൗജന്യ നെൽവിത്ത് വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നസീമ നാസർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി. രാജീവ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ വി.വി. ആയിഷ, അലി കുമരനല്ലൂർ, വി.പി. ഫാത്തിമ, ഷരീഫ് അന്നിക്കര, ഷിഹാബ് കൊള്ളന്നൂർ, ഷിൻജേഷ് മാരായംകുന്ന്, കൃഷി അസിസ്റ്റന്റ് നിഷാദ് പള്ളിമഞ്ഞാലിൽ തുടങ്ങിയവർ പ്രസംഗിച്ചു.
