കൂറ്റനാട് : പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും പ്രകൃതിയോടുള്ള കരുതലും ജാഗ്രതയും സമൂഹത്തിൽ വളർത്തിയെടുക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും വനമിത്ര പുരസ്കാര ജേതാവ് മോഹൻദാസ് ഇടയത്ത് അഭിപ്രായപ്പെട്ടു. 'നമ്മുടെ ഭൂമി, നമ്മുടെ ഉത്തരവാദിത്തം" എന്ന പ്രമേയത്തിൽ സമസ്ത കേരള സുന്നി യുവജന സംഘം സംഘടിപ്പിക്കുന്ന പരിസ്ഥിതി ക്യാമ്പെയ്ൻ്റെ പാലക്കാട് ജില്ലാതല ഉദ്ഘാടനം തൃത്താല സോണിലെ കൂറ്റനാട്ടിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ് വൈ എസ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ ജലീൽ അഹ്സനി അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് കമാൽ തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ജല സംരക്ഷണ ക്യാമ്പെയ്ൻ്റെ ഭാഗമായി സംഘടിപ്പിച്ച കൊളാഷ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു. എസ് വൈ എസ് സാമൂഹികം സെക്രട്ടറി റിനീഷ് ഹാജി ഒറ്റപ്പാലം, കബീർ അഹ്സനി കെ.കെ. പാലം, ഹാഫിള് സഫ്‌വാൻ റഹ്മാനി, ഹാഫിള് സഈദ് അഹ്സനി, റിയാസ് സി.പി, ഹാഷിം സഖാഫി എന്നിവർ സംസാരിച്ചു.
പരിസ്ഥിതി സംരക്ഷണത്തിനും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിനുമായി വിവിധ ബോധവത്കരണ പ്രവർത്തനങ്ങൾ, ശുചീകരണ പരിപാടികൾ, വൃക്ഷത്തൈ നടീൽ പദ്ധതികൾ, ഗ്രീൻ ഗിഫ്റ്റ്, കാർബൺ ന്യുട്രൽ വൃക്ഷതൈ നടൽ, ഹരിത ഭവന മത്സരം, എന്റെ വീട് എന്റെ ഫല വൃക്ഷം, അടുക്കളത്തോട്ടം, ശുചീകരണം എന്നിങ്ങനെ വ്യത്യസ്ത പദ്ധതികൾ ക്യാമ്പയിൻ്റെ ഭാഗമായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.
