
ചാലിശ്ശേരി: ചാലിശ്ശേരി പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകസഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.കെ. സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു.
പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ സിജി സാബു, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ ആനി വിനു, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ സവിത അജി, പഞ്ചായത്ത് അംഗങ്ങൾ, കൃഷി അസിസ്റ്റന്റ് കെ. ശ്യാം, എഡിസി അംഗങ്ങളായ വി.കെ. യൂസഫ്, ഋഷഭദേവൻ നമ്പൂതിരി, പാടശേഖര സമിതി അംഗങ്ങൾ, കർഷകർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
ആത്മയുടെ പ്രാപ്തി വികസന പദ്ധതിയുടെ ഭാഗമായി മണ്ണുത്തി അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷനിലെ ഫാം ഓഫീസർ കെ. ശ്രീലജ കർഷകർക്ക് പരിശീലന ക്ലാസ് നയിച്ചു. തൃത്താല ബ്ലോക്ക് സാമ്പത്തിക സാക്ഷരത കൗൺസിലർ കെ.വി. ശ്രീധരൻ കിസാൻ ക്രെഡിറ്റ് കാർഡിനെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസും അവതരിപ്പിച്ചു. ഞാറ്റുവേല ചന്തയിൽ കൃഷിഭവൻ ഉൽപ്പാദിപ്പിച്ച ചെണ്ടുമല്ലി, വിവിധ നഴ്സറികളിലെ തൈകൾ, കുടുംബശ്രീ യൂണിറ്റുകളുടെ ഉൽപ്പന്നങ്ങൾ എന്നിവ വിൽപ്പനയ്ക്കായി ഒരുക്കിയിരുന്നു. ഏകദേശം 150 പേർ പങ്കെടുത്ത കർഷകസഭയിൽ കൃഷി ഓഫീസർ സി. സൂര്യ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ എം. ബാലകൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി.