
ചാലിശ്ശേരി: നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി ചാലിശ്ശേരി മെയിൻ റോഡ് സെൻററിൽ കർണാടക സ്റ്റേറ്റ് റിസർവ് ഫോഴ്‌സും കേരള പോലീസും സംയുക്തമായി റൂട്ട് മാർച്ച് നടത്തി. പൊതുജനങ്ങളിൽ സുരക്ഷാ ബോധം വർദ്ധിപ്പിക്കുകയും സമാധാനപരമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി.
തിങ്കളാഴ്ച വൈകീട്ട് നടന്ന റൂട്ട് മാർച്ചിന് ചാലിശ്ശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ബാബു ജോർജ്, ടി. അരവിന്ദാക്ഷൻ, ജ്യോതി പ്രകാശ് എന്നിവരും കർണാടക സ്റ്റേറ്റ് റിസർവ് ഫോഴ്‌സിലെ സബ് ഇൻസ്പെക്ടർ എച്ച്.എൻ. ദിനേഷ് എന്നിവരും നേതൃത്വം നൽകി. ഏകദേശം 55ഓളം സേനാംഗങ്ങൾ മാർച്ചിൽ പങ്കെടുത്തു.
ഇതിനോടൊപ്പം സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിനായി ആറങ്ങോട്ടുകര, കറകപൂത്തൂർ, കൂറ്റനാട്, ചാലിശ്ശേരി, കാഞ്ഞിരത്താണി എന്നിവിടങ്ങളിൽ പോലീസിന്റെ നേതൃത്വത്തിൽ പ്രത്യേക ഡ്രോൺ പരിശോധനയും നടത്തി.