തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം. ഇത് 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി കൂടുതല്‍ ശക്തി പ്രാപിക്കാനാണ് സാധ്യത.
ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും അതിനോട് ചേര്‍ന്നുള്ള തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതചുഴി പുതിയ ന്യൂന മര്‍ദ്ദത്തില്‍ ലയിച്ചു. അതിനാല്‍ ഫെബ്രുവരി 25 വരെ കേരളത്തില്‍ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
