പട്ടാമ്പി നഗരത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഭക്ഷണപാനീയ ശാലകൾക്കെതിരെ നടപടി വേണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടാമ്പി യൂണിറ്റ് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സമിതി അധികൃതർക്ക് പരാതി നൽകി. റമദാൻ കാലമായതോടെ വിപണി ലക്ഷ്യം വെച്ച് പട്ടാമ്പിയിൽ പാതയോരങ്ങൾ കേന്ദ്രീകരിച്ച് നിരവധി ഭക്ഷണശാലകൾ ആരംഭിച്ചിട്ടുണ്ട്. വൈകുന്നേരം നോമ്പ് തുറ സമയം മുതൽ അർദ്ധരാത്രി വരെയാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്.
താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ഈ സ്ഥാപനങ്ങൾ യാതൊരുവിധ ലൈസൻസോ ഹെൽത്ത് കാർഡോ ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. ഇത്തരം സ്ഥാപനങ്ങൾ വലിയ രീതിയിലുള്ള ആരോഗ്യ ഭീഷണി ഉയർത്തുന്നതായി വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ ചൂണ്ടിക്കാട്ടി.
വിഷയം ചൂണ്ടിക്കാട്ടി നഗരസഭ ചെയർപേഴ്സണും ആരോഗ്യവിഭാഗത്തിനും സമിതി പരാതി സമർപ്പിച്ചു.
