പത്മകുമാർ ചർച്ചയായില്ല, ജില്ലകമ്മിറ്റി യോഗം അവസാനിച്ചു; പരാതിയുമായി വന്നാൽ രാഹുൽ ജയിലിലാകുമെന്ന് MV ഗോവിന്ദൻ

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം പത്മകുമാറിനെ കുറിച്ച് ചര്‍ച്ച ചെയ്യാതെ ജില്ലാ കമ്മിറ്റി യോഗം അവസാനിച്ചു. വിഷയം ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയായില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. അയ്യപ്പന്റെ ഒരുതരി പൊന്നു പോലും നഷ്ടമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നു. ശബരിമലയില്‍ ഒരുതരി സ്വര്‍ണ്ണം പോലും നഷ്ടപ്പെട്ടു കൂടാ. ആവശ്യമായ നിലപാട് സ്വീകരിക്കും. ആര്‍ക്കെങ്കിലും ഏതെങ്കിലും വിധത്തില്‍ പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ കൃത്യമായ നടപടി സ്വീകരിക്കും', എം വി ഗോവിന്ദന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗമാണ് നടന്നത്. സംഭവത്തില്‍ സിപിഐഎമ്മില്‍ ആര്‍ക്കെങ്കിലും പങ്ക് ഉണ്ടെങ്കില്‍ പാര്‍ട്ടി നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ പരാതിയില്‍ എം വി ഗോവിന്ദന്‍ പ്രതികരിച്ചു. രാഹുലിനെതിരെ പരാതി നല്‍കാത്തത് കൊണ്ടാണ് ജയിലില്‍ ആകാത്തതെന്ന് അദ്ദേഹം പറഞ്ഞു. 'ഇത് ആദ്യത്തെ വിഷയം അല്ലല്ലോ. പല ഓഡിയോകളും പുറത്തു വന്നല്ലോ? പ്രതിപക്ഷം തള്ളി പറയാത്തത് സംരക്ഷണമാണ്. കോണ്‍ഗ്രസ് എല്ലാവരെയും സംരക്ഷിക്കുകയാണ്. അതുകൊണ്ടാണ് സിപിഐഎമ്മിനോട് ചോദിക്കുന്നത്. പരാതിയുമായി വന്നാല്‍ രാഹുല്‍ ജയിലിലാകും', എം വി ഗോവിന്ദന്‍ പറഞ്ഞു.

മഹാഭൂരിപക്ഷം വരുന്ന ഗ്രാമപഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും മുന്‍സിപ്പാലിറ്റികളും എല്ലാം സിപിഐഎം ജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആവേശകരമായ പ്രവര്‍ത്തനമാണ് പത്തനംതിട്ട ജില്ലയില്‍ ഉടനീളം നടന്നുവരുന്നത്. അറസ്റ്റില്‍ പാര്‍ട്ടിക്ക് പ്രശ്‌നമില്ല. ആ നിലപാട് നേരത്തെയും പറഞ്ഞു. ന്യായീകരിക്കുന്ന പ്രശ്‌നമില്ലെന്നും ഒരു വിട്ടുവീഴ്ചയുമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം